കണ്ണൂർ: ജില്ലയിൽ കൊവിഡ് 19 ബാധിച്ച് കഴിഞ്ഞദിവസങ്ങളിൽ മരിച്ച രണ്ടുപേരും ഹൈറിസ്ക് വിഭാഗത്തിൽപെട്ടവർ. 70 വയസ്സിനുമുകളിലുള്ള ഇരുവരും ആശുപത്രിയിൽ എത്തിച്ച് ചുരുങ്ങിയ സമയത്തിനകമാണ് മരിച്ചത്. ജൂൺ പത്തിന് ഇരിട്ടി സ്വദേശി പി.കെ. മുഹമ്മദും 12ന് ഇരിക്കൂർ സ്വദേശി ഉസൻ കുട്ടിയുമാണ് മരിച്ചത്. മരിക്കുന്നതിന് 2 മണിക്കൂർ മുമ്പ് മാത്രമാണ് ഉസ്സൻ കുട്ടിയെ കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
ഇരിട്ടി പയഞ്ചേരി സ്വദേശിയായ മുഹമ്മദ് ഗൾഫിൽ നിന്നെത്തിയത് മേയ് 22നാണ്. കരളിന് അർബുദവും ഹൃദയ സംബന്ധമായ അസുഖവുണ്ടായിരുന്ന മുഹമ്മദ് വീട്ടിൽ ക്വാറന്റൈനിലായിരുന്നു. മുംബൈയിൽ നിന്നെത്തിയ 72 കാരനായ ഉസൻ കുട്ടിയും ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ അസുഖങ്ങളുള്ളയാളാണ്. വീട്ടിൽ ക്വാറന്റൈനിലായിരുന്ന ഇദ്ദേഹം രോഗം മൂർച്ഛിച്ചപ്പോഴാണ് ആശുപത്രിയിലെത്തിയത്.
കാൻസറും ഹൃദ്രോഗവും ജീവിത ശൈലിരോഗങ്ങളുമുള്ള ഹൈറിസ്ക് ഗ്രൂപ്പിൽ പെട്ടവരെ കൊവിഡ് എളുപ്പം കീഴടക്കുമെന്ന് തുടക്കം മുതൽ ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇതുപരിഗണിച്ച് ഇവരെ ആശുപത്രിയിലാക്കാൻ അധികൃതർ തയ്യാറായില്ല. മരണശേഷമാണ് ഉസൻകുട്ടിയുടെ സ്രവപരിശോധനാഫലം വന്നതും കൊവിഡ് സ്ഥിരീകരിച്ചതും.
പത്ത് വയസ്സിന് താഴെ ഉള്ളവർ, ഗർഭിണികൾ, വൃദ്ധർ എന്നിവരെ വീട്ടിലേക്ക് നിരീക്ഷണത്തിൽ അയച്ചാൽ മതിയെന്നാണ് സർക്കാരിന്റെ മാർഗ നിർദ്ദേശം. ഇവർക്കു വേണ്ടുന്ന പരിചരണത്തെകുറിച്ചോ, സ്രവ പരിശോധനയേ പറ്റിയോ മാർഗരേഖയിൽ എവിടെയും പറയുന്നില്ല. ഇതുകൊണ്ടുതന്നെ ഇവർക്ക് വേണ്ടസമയത്ത് ആരോഗ്യവിദഗ്ധരുടെ സേവനം ലഭ്യമാക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടെന്നാണ് രണ്ട് മരണങ്ങളും വ്യക്തമാക്കുന്നത്. എന്നാൽ കൊവിഡ് മാനദണ്ഡങ്ങൾ മരിച്ച രണ്ടു പേരുടെ കാര്യത്തിലും സ്വീകരിച്ചിരുന്നുവെന്നാണ് ജില്ലാ മെഡിക്കൽ ഓഫീസർ കെ. നാരായണ നായ്ക് വ്യക്തമാക്കുന്നത്.