കണ്ണൂർ: രാഹുൽ ഗാന്ധിയുടെ വിശ്വസ്തനും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാലിന് പുതിയ നിയോഗം. രാജസ്ഥാനിൽ നിന്നാണ് അദ്ദേഹം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇനിയുള്ള കാലം സംസ്ഥാന രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാമെന്നു തീരുമാനിക്കുന്നതിനിടെയാണ് പുതിയ ദൗത്യം കെ.സിയെ തേടിവന്നത്.
ഏൽപ്പിക്കുന്ന കാര്യങ്ങൾ സത്യസന്ധമായും കൃത്യനിഷ്ഠയോടെയും ചെയ്തു തീർക്കുന്ന കെ.സി രാഹുൽഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും വിശ്വസ്തരിലേക്ക് കടന്നുകൂടിയത് വളരെ പെട്ടെന്നായിരുന്നു. കണ്ണൂർ ജില്ലയിലെ മാതമംഗലം കണ്ടന്തോറിൽ ജനിച്ച കെ.സി സ്കൂൾ വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ രാഷ്ട്രീയ പ്രവർത്തകനായി. സ്കൂളിൽ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായി. പിന്നീട് പയ്യന്നൂർ കോളേജിലെ പഠനകാലത്ത് തുടർച്ചയായി അഞ്ച് വർഷം കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി.
സംഘടനാ തിരഞ്ഞെടുപ്പിലൂടെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്, അഞ്ച് വർഷം ഇതേ സ്ഥാനത്ത് തുടർന്നു. പിന്നീട് 92 മുതൽ 2000 വരെ തുടർച്ചയായി എട്ട് വർഷം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി. 96 മുതൽ തുടർച്ചയായി മൂന്നുതവണ ആലപ്പുഴയെ പ്രതിനിധീകരിച്ച് നിയമസഭാംഗമായി. 2004 മുതൽ 2006 വരെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ദേവസ്വം, ടൂറിസം മന്ത്രിയായി. ഇതിനിടെ 2009 ൽ ആലപ്പുഴയിൽ നിന്നു ലോക് സഭയിലുമെത്തി. പാർലമെന്റിലെ എസ്റ്റിമേറ്റ് , ഗതാഗതം, വിനോദസഞ്ചാരം, സാംസ്കാരികം എന്നീ കമ്മിറ്റികളിലും അംഗമായി.
2011 ജനുവരിയിൽ പ്രധാനമന്ത്രി മൻമോഹൻ സിംഗ് നേതൃത്വത്തിൽ രണ്ടാം യു.പി.എ സർക്കാരിൽ ഊർജ വകുപ്പിന്റെ ചുമതലയുള്ള സഹമന്ത്രിയായി. 2012 ഒക്ടോബർ മുതൽ വ്യോമയാനമന്ത്രിയായി. 2014 ൽ വീണ്ടും ആലപ്പുഴയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു.
2017 ൽ കോൺഗ്രസ് ഭരിക്കുന്ന കർണാടകയുടെ ചുമതലക്കാരനായി നിയോഗിച്ചതോടെയാണ് രാഹുൽഗാന്ധിയുമായി കെ.സി കൂടുതൽ അടുക്കുന്നത്. പിന്നീട് അടുത്ത വിശ്വസ്തനായി മാറിയതോടെ സങ്കീർണമായ ദൗത്യങ്ങളും രാഹുൽ ഏൽപ്പിക്കുകയായിരുന്നു.