കോട്ടയം: യു.ഡി.എഫ് എടുത്തത് നീതിയില്ലാത്ത തീരുമാനമെന്ന് ജോസ് കെ മാണി. മുന്നണിയുമായുള്ള ഹൃദയ ബന്ധം മുറിച്ചു. കെ.എം മാണി വളർത്തിയ പ്രസ്ഥാനത്തെ സംരക്ഷിക്കാനാണ് താൻ നോക്കിയതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി കൂടുതൽ കരുത്തോടെ മുന്നോട്ട് പോകും. കേരള കോൺഗ്രസിനെ തകർക്കാൻ മുമ്പും ശ്രമം ഉണ്ടായിട്ടുണ്ട്. സാധാരണക്കാരായ യു.ഡി.എഫ് പ്രവർത്തകരുടെ മനസിന് മുറിവുണ്ടായ തീരുമാനമാണ് യു.ഡി.എഫ് നേതൃത്വം എടുത്തതെന്നും ഇന്നത്തെ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷം പാർട്ടി നിലപാട് വ്യക്തമാക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.
അതേസമയം കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ മുന്നണിയിൽ നിന്ന് പുറത്താക്കിയത് സ്വാഭാവിക തീരുമാനമാണെന്നും എല്ലാം യു.ഡി.എഫിന് വിട്ടിരിക്കുകയാണെന്നും പി.ജെ ജോസഫ് പറഞ്ഞു. മുന്നണി നിർദേശവും ധാരണകളും പാലിക്കാത്തവർക്ക് മുന്നണിയിൽ തുടരാനാവില്ല എന്ന സന്ദേശമാണ് ഇതിലൂടെ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
"മുന്നണി ധാരണ പാലിക്കാത്തവർക്ക് മുന്നണിയിൽ തുടരാനാവില്ല. ഉണ്ടായത് സ്വാഭാവിക പരിണാമമാണ്. ജോസ് കെ. മാണി വിഭാഗത്തിൽ നിന്ന് ധാരാളം പേർ വരാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മുന്നണി വിട്ട സാഹചര്യത്തിലാണ് ഇത്തരം തീരുമാനം പല നേതാക്കളും കൈക്കൊളളുന്നതെന്നും പി.ജെ ജോസഫ് അറിയിച്ചു. വരാനുളളവവരുടെ നീണ്ട ലിസ്റ്റുണ്ട്. ആരുടെ പേരും പറയുന്നില്ല. എം.എൽ.എമാരുണ്ടോ എന്ന് ഇപ്പോൾ പറയാനാവില്ലെന്നും"-പി.ജെ ജോസഫ് പറഞ്ഞു.