SignIn
Kerala Kaumudi Online
Thursday, 13 August 2020 5.36 AM IST

ഞാൻ ഗണപതി

ganapathi


ഒരു പേരിലെന്തിരിക്കുന്നുവെന്ന് ചോദിച്ചാൽ ഒരു പേരിലാണ് എല്ലാമിരിക്കുന്നതെന്ന് തെല്ലും ആലോചിക്കാതെ ഗണപതി പറയും.സത്യൻ അന്തിക്കാടിന്റെ വിനോദയാത്രയിലെ ഗണപതിയെന്ന കൊച്ചു പയ്യനെ ആർക്കാണ് മറക്കാൻ കഴിയുക.
അടുത്ത സിനിമ അലിഭായിയിലും കഥാപാത്രത്തിന്റെ പേര് ഗണപതിയെന്നായിരുന്നു.''കഥാപാത്രങ്ങളുടെ പേരാണ് ഞാൻ സ്വന്തം പേരായി സ്വീകരിച്ചതെന്നാണ് പലരും വിചാരിച്ചിരിക്കുന്നത്. പക്ഷേ, അങ്ങനെയല്ല, ഗണപതിയെന്നത് എന്റെ സ്വന്തം പേരാണ്." ഗണപതി പറഞ്ഞുതുടങ്ങി.''പണ്ട് സ്കൂളിൽ സാറന്മാർ അറ്റൻഡൻസെടുക്കാൻ എന്റെ പേരു വിളിക്കുമ്പോൾ കൂട്ടുകാരൊക്കെ കളിയാക്കി ചിരിക്കുമായിരുന്നു.
''എന്ത് പേരാ അച്ഛാ എനിക്കിട്ടത്? പേര് കേൾക്കുമ്പോൾ തന്നെ കൊമ്പും തുമ്പിക്കൈയുമൊക്കെയാണ് എല്ലാവർക്കും ഓർമ്മ വരുന്നത്."" ഒരിക്കൽ അച്ഛനോട് പേരിന്റെ പേരിൽ ഗണപതി പരാതി പറഞ്ഞു.
''ഇപ്പോൾ ഈ പേരിന്റെ മഹത്വം നിനക്ക് മനസിലാകില്ല. നാളെ നീ അറിയപ്പെടാൻ പോകുന്നത് ഈ പേരിലും കൂടിയായിരിക്കും."" അന്ന് അച്ഛൻ പറഞ്ഞ ആ വാക്കുകൾ അക്ഷരംപ്രതി ശരിയായിരുന്നുവെന്ന് ഇന്ന് ഗണപതിയും സമ്മതിക്കും.
''ദൈവത്തിന്റെ പേരൊന്നുമായിരുന്നില്ല അച്ഛൻ എനിക്കിട്ടത്. ഗണമെന്നാൽ കൂട്ടം. പതിയെന്നാൽ നേതാവ്. Leader of crowd അഥവാ ആൾക്കൂട്ടത്തിന്റെ നേതാവ് എന്നാണ് ഗണപതിയെന്ന വാക്കിന് അർത്ഥം.""ഇപ്പോൾ ആ പേരാണ് തന്റെ ഐഡന്റിറ്റിയെന്ന് ഗണപതിക്കറിയാം.''മലയാള സിനിമയിൽ ഞാനൊരൊറ്റ ഗണപതിയല്ലേയുള്ളൂ...""
ഡബ്ബിംഗാണ് തനിക്ക് അഭിനയത്തിലേക്കുള്ള വഴി തുറന്നതെന്ന് ഗണപതി പറയുന്നു.
''അനന്തഭദ്രത്തിൽ പൃഥ്വിരാജിന്റെ ബാല്യകാലമവതരിപ്പിച്ച പയ്യന് ഡബ്ബ് ചെയ്തത് ഞാനാണ്. പിന്നെ കുറേ തെലുങ്ക് മൊഴിമാറ്റ സിനിമകൾ. ഡബ് ചെയ്ത് നോക്കെടായെന്ന് നിർബന്ധിച്ചതും പ്രോത്സാഹിപ്പിച്ചതും സിനിമയിൽ ജയരാജ് സാറിന്റെയൊക്കെ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച അച്ഛനാണ് (സതീഷ് പൊതുവാൾ).ഡബ്ബിംഗ് ഞാനാ പ്രായത്തിൽ ആസ്വദിച്ച് ചെയ്തിരുന്ന ജോലിയായിരുന്നു. കാമറാമാൻ എസ്. കുമാർ സാറിന്റെ മകൻ കുഞ്ഞുണ്ണിച്ചേട്ടൻ (കുഞ്ഞുണ്ണി എസ്. കുമാർ) ദ എഗ്ഗ് എന്ന പേരിലൊരു ഷോർട്ട് ഫിലിം ചെയ്തു. ഞാനാണ് അതിൽ പ്രധാന വേഷം ചെയ്തത്. കുഞ്ഞുണ്ണി ചേട്ടന്റെ ആദ്യ വർക്കായിരുന്നു അത്. എന്റെ ആദ്യ ഷോർട്ട് ഫിലിമും. പിന്നീടാണ് സന്തോഷ് ശിവൻ സാർ സംവിധാനം ചെയ്ത ബിഫോർ ദ റെയ്‌ൻസ് എന്ന ഫെസ്റ്റിവൽ സിനിമയിലഭിനയിച്ചത്. കാൻ ഫെസ്റ്റിവലിലൊക്കെ പ്രദർശിപ്പിച്ച ആ സിനിമയിൽ നന്ദിതാദാസ്, രാഹുൽ ബോസ് തുടങ്ങിയവരായിരുന്നു പ്രധാന താരങ്ങൾ.
കുഞ്ഞുണ്ണിച്ചേട്ടന്റെ ഷോർട്ട് ഫിലിമിലഭിനയിച്ചതോടെ കുമാർ സാറിന്റെ കുടുംബവുമായി നല്ല അടുപ്പമായി.ഒരു ദിവസം സത്യൻ അന്തിക്കാട് എറണാകുളത്തുണ്ടെന്നും അദ്ദേഹത്തെ പോയി കാണണമെന്നും കുമാർ സാർ പറഞ്ഞു. ഞാൻ അച്ഛന്റെ കൂടെ സത്യേട്ടനെ കാണാൻ പോയി. വിനോദ യാത്ര എന്ന സിനിമ തുടങ്ങാൻ പോകുന്ന സമയമായിരുന്നു അത്.
ഓടാനറിയാമോ? നീന്താനറിയാമോ? സൈക്കിൾ ഓടിക്കാൻ അറിയാമോ? സത്യേട്ടൻ എന്നോട് മൂന്ന് ചോദ്യങ്ങൾ ചോദിച്ചു.മൂന്നും അറിയാമെന്ന് ഞാൻ പറഞ്ഞു. സ്ക്രീൻ ടെസ്റ്റൊന്നുമുണ്ടായില്ല. അങ്ങനെ ഞാൻ വിനോദ യാത്രയിൽ സെലക്ടായി.
വിനോദ യാത്രയിലഭിനയിക്കുമ്പോൾ ഞാൻ സിനിമയെ ഒട്ടും സീരിയസായി കണ്ടിരുന്നില്ല. സത്യേട്ടന്റെ സെറ്റിൽ ശരിക്കും ഒരു കുടുംബാന്തരീക്ഷമാണ്. ആർക്കും വലിപ്പചെറുപ്പമൊന്നുമില്ല. ഒരു ടെൻഷനുമില്ലാതെ റിലാക്സ്ഡായി വർക്ക് ചെയ്യാം.
പ്രാഞ്ചിയേട്ടൻ ആൻഡ് ദ സെയിന്റ്. പ്രാഞ്ചിയേട്ടൻ മറ്റൊരു സ്കൂളായിരുന്നു. രഞ്ജിത്ത് സാർ എന്റെ ഗുരുവാണ്. മമ്മൂക്കയുടെ കൂടെ അത്രയും വലിയൊരു കഥാപാത്രം ചെയ്യാൻ കഴിഞ്ഞത് മഹാഭാഗ്യമാണ്. പ്രാഞ്ചിയേട്ടനിലെ പോളി എന്റെ എക്കാലത്തെയും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നാണ്.
ആദ്യമായി ഷോർട്ട് ഫിലിമിലഭിനയിക്കാനും ഡബ്ബ് ചെയ്യാനുമൊക്കെ നിമിത്തമായത് അച്ഛനാണ് .വിനോദയാത്ര കഴിഞ്ഞപ്പോൾ സിനിമയെ കുറെക്കൂടി സീരിയസായി കാണാൻ
നിർബന്ധിച്ചതും അച്ഛനാണ്. ഇനി നീ മലയാള സിനിമകൾ മാത്രം കണ്ടാൽ പോരാ. കുറച്ച് വിദേശ സിനിമകൾ കൂടി കാണണമെന്ന് പറഞ്ഞ് അച്ഛൻ ഇറാനിയൻ, ഇറ്റാലിയൻ, കൊറിയൻ സിനിമകളൊക്കെ എനിക്ക് കാണിച്ച് തന്നു. മർലിൻ ബ്രാൻഡോ, അൽപാച്ചിനോ തുടങ്ങിയവരുടെ പെർഫോമൻസുകളൊക്കെ കാണാനായത് അച്ഛൻ കാരണമാണ്. പല പല സംവിധായകർ പല പല കാമറാമാന്മാർ. അങ്ങനെ കാഴ്ചകളുടെ മറ്റൊരു ലോകം കണ്ടു. ഒരഭിനയ വിദ്യാർത്ഥിയെന്ന നിലയ്ക്ക് അതൊക്കെ എനിക്കൊരുപാട് ഗുണം ചെയ്തു.
പയ്യന്നൂരാണ് നാടെങ്കിലും എട്ടാം ക്ളാസ്വരെ ഞാൻ പഠിച്ചത് തിരുവനന്തപുരത്താണ്. വഴുതക്കാട്ടെ ആദർശ് വിദ്യാലയത്തിൽ.ഹയർ സെക്കൻഡറി പയ്യന്നൂരിലായിരുന്നു. ഡിഗ്രിക്ക് പയ്യന്നൂർ കോളേജിലും. പക്ഷേ സിനിമയിലെ തിരക്കുകൾ കാരണം കോളേജ് ജീവിതം അടിച്ച് പൊളിച്ച് ആഘോഷിക്കാൻ പറ്റിയില്ല.അമ്മ അപർണ കണ്ണൂർ ലത്തീസിയ മുസ്ലിം അസോസിയേഷൻ സ്കൂളിലെ വൈസ് പ്രിൻസിപ്പലാണ്.
സിനിമയുടെ ഷൂട്ടിംഗും ഡബ്ബിംഗുമൊക്കെ ഞാൻആസ്വദിക്കുന്നുണ്ട്. ഡബ്ബിംഗ് പണ്ടേ ഇഷ്ടമാണ്. വലിയ സ്ക്രീനുള്ള തണുത്തുറഞ്ഞ സ്റ്റുഡിയോകളിലായിരുന്നു കുറച്ചുകാലം മുമ്പുവരെ ഡബ്ബിംഗ്. ശരിക്കും ഒരു സിനിമാ തിയേറ്ററിലിരുന്ന് ഡബ്ബ് ചെയ്യുന്നപോലെ തോന്നും. ഇപ്പോൾ ഒരു ടി.വി സ്ക്രീനായാലും മതിയെന്നായി. അതുപോലെ ഫിലിമിൽ ഷൂട്ട് ചെയ്തിരുന്ന കാലം മാറി ഡിജിറ്റലായി. പണ്ട് സ്റ്റാർട്ട് കാമറ ആക്ഷൻ എന്ന് ഡയറക്ടർ പറഞ്ഞ് കഴിഞ്ഞ് ഫിലിം റോൾ ചെയ്യുന്ന 'ക്ർർ...." എന്ന ശബ്ദം കേൾക്കുമ്പോൾ തന്നെ നമ്മുടെ പെരുവിരലിൽ നിന്ന് ഒരു തരിപ്പ് മേലോട്ട് കയറും. ഡയലോഗ് തെറ്റുമോ, ഫിലിം പാഴായിപ്പോകുമോ എന്നൊക്കെയുള്ള ടെൻഷൻ. ഷൂട്ടിംഗ് ഡിജിറ്റലായപ്പോൾ ആ ടെൻഷനൊക്കെ മാറി. ഇപ്പോൾ ആർട്ടിസ്റ്റുകൾക്ക് കുറെക്കൂടി സ്വാതന്ത്ര്യമുണ്ട്. പുതിയതായി അഭിനയിക്കാൻ വരുന്നവരോട് ഞാൻ ഫിലിമിലുംഅഭിനയിച്ചിട്ടുണ്ടെന്ന് അഭിമാനത്തോടെ പറയാം.
ജീൻ പോൾ ലാലിനെ പോലെയുള്ളസംവിധായകർക്കൊപ്പം അസിസ്റ്റന്റായിപ്രവർത്തിച്ചാൽ കൊള്ളാമെന്നുണ്ട്. കാമറയ്ക്ക്പിന്നിൽ നിൽക്കുന്നവർ എന്തൊക്കെ ചെയ്യുന്നു,എന്താണ് അവരുടെ സ്ട്രെയിൻ എന്നൊക്കെ പഠിച്ചാൽ കാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ അത്ഗുണം ചെയ്യും.നാളെ ഞാനൊരു സിനിമസംവിധാനം ചെയ്യുമോയെന്ന് ചോദിച്ചാൽ അറിയില്ലയെന്നാണ് ഉത്തരം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: GANAPATHI
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.