കാലാവധി നിശ്ചയിക്കാതെ നിയമനം രണ്ടു പേർക്ക്
തിരുവനന്തപുരം: മാസ ശമ്പളം ഒന്നേ കാൽ ലക്ഷം രൂപ. ജോലി ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ .സർക്കാർ മുദ്രയുള്ള തിരിച്ചറിയൽ, വിസിറ്റിംഗ് കാർഡ്. സെക്രട്ടേറിയറ്റിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും സുരക്ഷാ ജീവനക്കാരുടെ സല്യൂട്ടടി. മുഖ്യമന്ത്രിയുടെ മൂക്കിനു താഴെ, ചീഫ്സെക്രട്ടറിയുടെ ഓഫീസിലെ സ്പെഷ്യൽ സെല്ലിലാണ് , രണ്ട് കരാർ ജീവനക്കാരുടെ രാജകീയ വിലസൽ.
കേരളത്തിലെത്തുന്ന വിദേശ നിക്ഷേപകരുടെ ഏകോപനവും മേൽനോട്ടവുമാണ് ചുമതലയെന്നാണ് പറച്ചിൽ. പണി ,ഉന്നതരുടെ വിദേശ യാത്രയ്ക്ക് വിമാനടിക്കറ്റും ഹോട്ടലുമൊക്കെ ബുക്ക് ചെയ്യലും. മുൻ ചീഫ് സെക്രട്ടറി ടോം ജോസിന്റേതാണ് പരിഷ്കാരം ..കരാർ നിയമനമാണെങ്കിലും, കാലാവധി നിശ്ചയിച്ചിട്ടില്ല. കിൻഫ്രയ്ക്ക് താത്കാലിക ജീവനക്കാരെ ലഭ്യമാക്കുന്ന മിന്റെന്ന കൺസൾട്ടൻസി ഏർപ്പാടാക്കിയവരാണിവർ. ടീം ലീഡർ നിരഞ്ജൻ ജെ.നായർ. ഡെപ്യൂട്ടി ലീഡർ കവിതാ സി.പിള്ള. കേന്ദ്രസർക്കാർ, എംബസികൾ, രാജ്യാന്തര സംഘടനകൾ എന്നിവയുമായി ഇടപെടാനുള്ള ചുമതല കടലാസിൽ . ഇതുവരെ ചെയ്തത്,മുഖ്യമന്ത്രിയും മന്ത്രിമാരുമൊത്ത് ചീഫ്സെക്രട്ടറി നടത്തിയ വിദേശയാത്രകളുടെ ഏകോപനവും. ടീം ലീഡർ (ശമ്പളം 75,000–1.25 ലക്ഷം), രണ്ട് ഡെപ്യൂട്ടി ലീഡർമാർ (ശമ്പളം 40,000–75,000) എന്നിവരടങ്ങിയ സ്പെഷ്യൽസെൽ രൂപീകരിച്ച് 2019 ജനുവരി 31ന് ഉത്തരവിറക്കിയത് പ്രിൻസിപ്പൽസെക്രട്ടറി ഡോ.എ.ജയതിലക് .
കാട്ടിലെ തടി,
തേവരുടെ ആന
കരാറുകാരുടെ യോഗ്യത നിശ്ചയിച്ചതും ടോം ജോസ്. ടീം ലീഡർക്ക് എം.ബി.എയും പ്രോജക്ട് മാനേജ്മെന്റിലടക്കം അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും. എം.ബി.എ അല്ലെങ്കിൽ ബിരുദാനന്തര ബിരുദവും രണ്ടു വർഷത്തെ പരിചയവും ഇംഗ്ലീഷ്, കമ്പ്യൂട്ടർ പ്രാവീണ്യവും ഡെപ്യൂട്ടി ലീഡർമാർക്ക് . മുമ്പ് ട്രാവൽ ഏജൻസിയിൽ ജോലിചെയ്തിരുന്ന, ടൂറിസം അഡ്മിനിസ്ട്രേഷൻ പഠിച്ച യുവതിയാണ് ഡെപ്യൂട്ടി ലീഡർ. ടോംജോസ് ലേബർ സെക്രട്ടറിയായിരിക്കെയും ,ഇവർ ഒപ്പമുണ്ടായിരുന്നു. ടീം ലീഡറായി തിരഞ്ഞെടുത്തയാൾ ജോലിക്കെത്താത്തതിനെത്തുടർന്ന് ഡെപ്യൂട്ടി ലീഡർമാരിലൊരാളായ നിരഞ്ജനെ ലീഡറാക്കി.
ഇവരുടെ ശമ്പളമടക്കമുള്ള ചെലവുകൾ വഹിക്കുന്നത് കിൻഫ്ര. തുക നൽകുന്നത് കൺസൾട്ടൻസി വഴി. ചീഫ്സെക്രട്ടറിക്കെന്നത് പോലെ സർക്കാർ മുദ്രയുള്ള വിസിറ്റിംഗ് കാർഡും നൽകി. .
വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫീസിലെ തന്ത്രപ്രധാന തസ്തികയിലുമുണ്ട് ഇതു പോലൊരു കരാറുകാരൻ.
ഉത്തരം തേടുന്ന
ചോദ്യങ്ങൾ
*കേന്ദ്രസർക്കാരും എംബസികളുമായും ബന്ധപ്പെടാൻ കരാറുകാരെ നിയമിച്ചത് സർക്കാരിന്റെ അറിവോടെയാണോ?
* എത്ര നിക്ഷേപകരെ ഇവർ കേരളത്തിലേക്ക് ആകർഷിച്ചു?
* കേന്ദ്രവും എംബസികളുമായി ഇടപെടാൻ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ ഐ.എ.എസ് ഉദ്യോഗസ്ഥ
പോരേ?.