തിരുവനന്തപുരം: കീം പരീക്ഷ കേന്ദ്രത്തിന് പുറത്ത് സാമൂഹ്യ അകലം പാലിച്ചില്ലെന്ന പേരിൽ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കെതിരെ കേസെടുക്കാനുള്ള കേരള പൊലീസിന്റെ തീരുമാനം അപലപനീയമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. കേന്ദ്രസർക്കാർ നീറ്റ് പരീക്ഷ മാറ്റി വെച്ചിട്ടും നിർബന്ധബുദ്ധിയോടെ കേരളത്തിൽ പ്രവേശന പരീക്ഷ നടത്തിയ സംസ്ഥാന സർക്കാരിനെതിരെയാണ് കേസെടുക്കേണ്ടതെന്ന് അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷ മാറ്റിവെക്കാൻ കേന്ദ്രമന്ത്രി വി.മുരളീധരൻ കത്തയച്ചിട്ടും അഹങ്കാരത്തോടെ അത് തള്ളിക്കളഞ്ഞ മുഖ്യമന്ത്രിയാണ് ഒന്നാംപ്രതി. പല ഭാഗത്തും കീം പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് കൊവിഡ് റിപ്പോർട്ട് ചെയ്തതോടെ പ്രതിക്കൂട്ടിലായ സർക്കാർ മുഖംരക്ഷിക്കാനാണ് രക്ഷിതാക്കൾക്കെതിരെ കേസെടുത്തത്. പരീക്ഷ മാറ്റിവെക്കാൻ സർക്കാരിനോട് അഭ്യർത്ഥിച്ചവരാണ് രക്ഷിതാക്കൾ. പ്രതിപക്ഷ സമരങ്ങളാണ് സംസ്ഥാനത്ത് കൊവിഡ് പടർത്തുന്നതെന്ന് പറയുന്ന സർക്കാർ 80,000 പേരെഴുതുന്ന പരീക്ഷ നടത്തി വിദ്യാർത്ഥികളെ കൊലയ്ക്ക് കൊടുക്കാനാണ് ശ്രമിച്ചത്. സ്വർണകള്ളക്കടത്തിൽ നിന്നും വഴിതിരിച്ചുവിടാൻ സർക്കാർ മനപൂർവ്വം ഉണ്ടാക്കുന്ന ജനദ്രോഹമാണ് ഇതെന്നും സുരേന്ദ്രൻ പറഞ്ഞു.