പത്തനംതിട്ട : മദ്യം കിട്ടാൻ ബെവ് ക്യൂ ആപ്പ് ഇപ്പോൾ ബാധകമല്ലെന്നായിട്ടുണ്ട്. എപ്പോൾ വേണമെങ്കിലും മദ്യം ലഭിക്കും എന്നതാണ് സ്ഥിതി. ബാറുകളിൽ ബ്ലാക്കിൽ മദ്യ വിൽപ്പന പൊടിപൊടിക്കുകയാണ്. മേയ് 27 നാണ് സർക്കാർ ബെവ് ക്യൂ ആപ്പ് ആരംഭിക്കുന്നത്. തുടക്കത്തിൽ ഒരേ സമയം അഞ്ചുപേർക്ക് മാത്രം സാമൂഹിക അകലം പാലിച്ചാണ് മദ്യം നൽകിയിരുന്നത്.ബെവ് ക്യൂ ആപ്പിൽ ബുക്ക് ചെയ്ത് മദ്യം വാങ്ങണമെന്നാണ് ചട്ടം. പക്ഷേ 20 രൂപ കൂടുതൽ കൊടുത്താൽ ബുക്കിംഗിന്റെ ആവശ്യമില്ലെന്നായി.ബുക്ക് ചെയ്യാൻ അറിയാത്തവർക്കും ഫോണില്ലാത്തവർക്കും ഇത് അനുഗ്രഹവുമായി. മൂന്ന് ലിറ്റർ വാങ്ങി മറിച്ചുവിൽക്കുന്നവരുമുണ്ട്. അര ലിറ്ററിന് 390 രൂപ വിലയുള്ള മദ്യം ഇവർ വിൽക്കുന്നത് 500 നും 600നുമാണ്. ബുദ്ധിമുട്ടൊഴിവാക്കാൻ അധികതുക നൽകി വാങ്ങുകയാണ് ആളുകൾ. ഓട്ടോയിലും കാറിലും രഹസ്യമായി ശേഖരിച്ച് വച്ചാണ് ഇവർ വിൽപ്പന നടത്തുന്നത്. കൊ വിഡ് കാലമാണെങ്കിലും മദ്യവിൽപ്പനയെ ഇത് ബാധിച്ചിട്ടില്ല.