ജറുസലേം: അഴിമതി ആരോപണം നേരിടുന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നൂറുകണക്കിന് ഇസ്രയേലികളാണ് കഴിഞ്ഞ ദിവസം തെരുവിലിറങ്ങി പ്രതിഷേധിച്ചത്. നെതന്യാഹുവിന്റെ ജറുസലേം വസതിക്ക് പുറത്തായിരുന്നു ജനങ്ങളുടെ പ്രതിഷേധം. കുറ്റാരോപിതനായ വ്യക്തി പ്രധാനമന്ത്രിയായി തുടരുന്നതിനെതിരെ റാലി നടത്തിയ ഏഴ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു പുതിയ പ്രതിഷേധങ്ങൾ. നെതന്യാഹുവിനെ “ക്രൈം മിനിസ്റ്റർ” എന്ന് വിശേഷിപ്പിക്കുന്ന പ്രകടന ബാനറുകൾ ഉയർത്തിയായിരുന്നു പ്രതിഷേധക്കാരെത്തിയത്. പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധിച്ച ഏഴു പേരിൽ മുൻ ഇസ്രായേലി വ്യോമസേനാ ജനറലും ഉണ്ടായിരുന്നു. ഇദ്ദേഹത്തെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.പ്രതിഷേധങ്ങൾ നിയമവിരുദ്ധമാണെന്നാണ് ഇസ്രായേൽ പൊലീസിന്റെ നിലപാട്.
കഴിഞ്ഞ മാസം ജറുസലേമിലെ ഒരു കോടതിയിൽ വഞ്ചന, വിശ്വാസലംഘനം, കൈക്കൂലി എന്നീ കുറ്റങ്ങൾ ചുമത്തി നെതന്യാഹുവിനെതിരെയുള്ള വിചാരണ ആരംഭിച്ചിരുന്നു. ആഗസ്റ്റിൽ വിചാരണ പുനരാരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസമാണ് നെതന്യാഹുവിന്റെ നേതൃത്വത്തിൽ ഇസ്രയേലിൽ പുതിയ സർക്കാർ അധികാരമേറ്റത്. അഴിമതിക്കെതിരെയുള്ള വിചാരണ നടക്കവേ അധികാരത്തിലേറാനുള്ള നെതന്യാഹുവിന്റെ തീരുമാനം ഇസ്രയേലികളിൽ പ്രതിഷേധം വ്യാപകമാക്കിയിരുന്നു.