ലണ്ടൻ : വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിന് ശേഷം കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് വീട്ടിൽപ്പോയ ഇംഗ്ളണ്ട് പേസർ ജൊഫ്ര ആർച്ചർ വീണ്ടും വിവാദക്കുരുക്കിൽ . ഇൗ പ്രശ്നത്തെത്തുടർന്ന് സോഷ്യൽ മീഡിയയിൽ നിന്നുണ്ടായ വംശീയ അധിക്ഷേപം തന്നെ മാനസികമായി തകർത്തുകളഞ്ഞെന്നും ഇൗ അവസ്ഥയിൽ 24ന് തുടങ്ങുന്ന മൂന്നാം ടെസ്റ്റിൽ കളിക്കാൻ കഴിയുമെന്ന് തോന്നുന്നുല്ലെന്നും ആർച്ചർ പറഞ്ഞു.
സതാംപ്ടണിൽ നടന്ന ഒന്നാം ടെസ്റ്റിന് ശേഷം ആർച്ചർ ടീമിന്റെ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. ഇതറിഞ്ഞയുടൻ ഇംഗ്ളീഷ് ക്രിക്കറ്റ് ബോർഡ് ബാക്കിയുള്ള രണ്ട് ടെസ്റ്റുകളിൽ നിന്നും താരത്തെ വിലക്കി. പിന്നീട് താരവുമായി ചർച്ചനടത്തിയപ്പോൾ തനിക്ക് തെറ്റുപറ്റിയെന്ന് ആർച്ചർ ഏറ്റുപറഞ്ഞ സാഹചര്യത്തിൽ മാപ്പെഴുതി നൽകിയ ശേഷം മൂന്നാം ടെസ്റ്റിൽ കളിക്കാൻ അനുമതി നൽകി.
കഴിഞ്ഞ ദിവസം കൊവിഡ് പരിശോധനാഫലങ്ങളും നെഗറ്റീവായതോടെ മാഞ്ചസ്റ്ററിലെ മൂന്നാം ടെസ്റ്റിനുള്ള ടീമിനാെപ്പം ആർച്ചറും ചേരുമെന്നായിരുന്നു പ്രതീക്ഷ. അതിനിടയിലാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ തനിക്കെതിരെ വംശീയമായി ഉയരുന്ന ആക്ഷേപങ്ങൾ സഹിക്കാനാവുന്നില്ലെന്ന പരാതിയുമായി ആർച്ചർ എത്തിയത്. ഇത്രയ്ക്ക് ആക്ഷേപിക്കാനുള്ള കുറ്റങ്ങൾ ഒന്നും താൻ ചെയ്തിട്ടില്ലെന്ന് പറഞ്ഞ താരം ഇൗ മനോനിലയിൽ തനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാനാവില്ലെന്നും തകർന്ന മനസോടെ ഗ്രൗണ്ടിലിറങ്ങാൻ വയ്യെന്നും വ്യക്തമാക്കി.
അമേരിക്കയിലെ ജോർജ് ഫ്ളോയ്ഡ് സംഭവത്തോടെ കളിക്കളങ്ങളിലെ വംശീയ ആക്ഷേപങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ആദ്യ ടെസ്റ്റിന് മുമ്പ് ഇംഗ്ളണ്ടിന്റെയും വിൻഡീസിന്റെ താരങ്ങൾ അമ്പയർമാർക്കൊപ്പം ഗ്രൗണ്ടിൽ മുട്ടുകുത്തിയിരുന്ന് പ്രതിഷേധപ്രകടനവും നടത്തിയിരുന്നു. കഴിഞ്ഞ നവംബറിൽ നടന്ന ന്യൂസിലാൻഡ് പര്യടത്തിനിടെയും ആർച്ചർക്ക് വംശീയ അധിക്ഷേപം നേരിടേണ്ടി വന്നിരുന്നു.
ഇത്രയും എന്നെ ആക്ഷേപിക്കാനുള്ള ഒന്നും ചെയ്തിട്ടില്ല. ഇൗ മനോനിലയിൽ കളിക്കാനിറങ്ങിയാൽ പതിവ് മികവ്കാണിക്കാനാവില്ലെന്ന് ഉറപ്പാണ്. പിന്നെ അതിനാകും തെറിവിളി. മൂന്നാം ടെസ്റ്റിൽ കളിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.
- ജൊഫ്രെ ആർച്ചർ