കൊടുങ്ങല്ലൂർ: വല്ലഭന് പുല്ലും ആയുധമെന്ന പഴമൊഴി ഡാവിഞ്ചി സുരേഷിലേക്കെത്തുമ്പോൾ കാപ്പിപ്പൊടിയും പഴകിയ തുണികളും കടലാസും പാത്രങ്ങളും പുകയും ഉറുമ്പുമൊക്കെ പിന്നിട്ട് ഇപ്പോൾ ആണിയിലെത്തി. എണ്ണായിരത്തി അഞ്ഞൂറ് ആണിയടിച്ച് ഡാവിഞ്ചി സുരേഷ് തീർത്തത് ഫഹദിന്റെ ചിത്രമാണ്. വ്യത്യസ്ത വസ്തുക്കളിൽ നിരവധി ചിത്ര ശില്പ പരീക്ഷണം നടത്തുന്നതിനിടയിലാണ് ആണി കൊണ്ടും ചിത്രം വരയ്ക്കാം എന്ന് സുരേഷ് കണ്ടെത്തുന്നത്. അടുത്തിടെ ഉറുമ്പ് ചിത്രങ്ങൾ ജനശ്രദ്ധ ആകർഷിച്ചിരുന്നു. ഇത്തവണ ഫഹദ് ഫാസിലിനെയാണ് താരമായി തെരഞ്ഞെടുത്തത്. മൂന്നടി വലിപ്പമുള്ള ബോർഡിൽ എണ്ണായിരത്തി അഞ്ഞൂറോളം ആണികളാണ് ചിത്രം പൂർത്തിയാക്കാൻ ഉപയോഗിച്ചത്. കറുത്ത നിറത്തിലുള്ള ബ്ലൂടെക് ആണികളും മുള്ളാണികളുമാണ് ഇതിനായി തെരെഞ്ഞെടുത്തത്.
മൂന്നു ദിവസം കൊണ്ടാണ് ഇത്രയും ആണി അടിച്ചു തീർത്തത്. നേരെയുള്ള നോട്ടത്തിൽ ഡോട്ട് ഡ്രോയിംഗ് ആണെന്ന് തോന്നുമെങ്കിലും സൈഡിൽ നിന്നു നോക്കുമ്പോൾ മാത്രമാണ് ആണികളാണെന്ന് മനസിലാകുക. ചിത്രങ്ങളുടെയും ശിൽപങ്ങളുടെയും വ്യത്യസ്ത മീഡിയങ്ങളിലുള്ള പരീക്ഷണം ഇനിയും തുടരുമെന്ന് സുരേഷ് വ്യക്തമാക്കി.