തിരുവനന്തപുരം: പ്രവാസികളും മത്സ്യത്തൊഴിലാളികളും കൂലിപ്പണിക്കാരുമൊക്കെ തിങ്ങിപ്പാർക്കുന്ന തീരപ്രദേശം. തൊട്ടുചേർന്ന് വീടുകളുള്ള ടൗൺഷിപ്പ് കോളനി. എന്നാൽ, കൊവിഡെന്ന മഹാമാരിയെ വിളിപ്പാടകലെ നിറുത്താനുള്ള പോരാട്ടത്തിൽ വിജയം കണ്ടിരിക്കുകയാണ് വിഴിഞ്ഞം തെക്കുംഭാഗം .
തെക്കുംഭാഗം ജമാഅത്തിന്റെ കൂട്ടായ്മയിൽ ഒരു സംഘം ചെറുപ്പക്കാർ നടത്തിയ മാതൃകാപരമായ പ്രവർത്തനമാണ് ഈ നേട്ടത്തിന് അടിത്തറ. ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെട്ട നഗരസഭയിലെ ഹാർബർ, വിഴിഞ്ഞം വാർഡുകളിലായി ഏതാണ്ട് രണ്ട് കിലോമീറ്റർ ചുറ്റളവിലാണ് പ്രദേശം.. തൊട്ടടുത്ത് കോട്ടപ്പുറത്തും, കുറച്ചകലെ പൂന്തുറയിലും കൊവിഡ് സ്ഥീരീകരിക്കുന്നതിനു മുമ്പ് തുടങ്ങിയ മുന്നൊരുക്കം.
ഇവിടെ നിന്ന് പുറത്തേക്കും,പുറത്തു നിന്ന് വരുന്നവർക്ക് അകത്തേക്കുമുള്ള യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയായിരുന്നു തുടക്കം. വിദേശങ്ങളിൽ നിന്നെത്തിയ പ്രവാസികളെ വീടുകളിൽ പാർപ്പിക്കാതെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലാക്കി. ഇതിനായി മദ്രസ കെട്ടിടത്തിന് പുറമെ ഒരു ഹോട്ടൽ വാടകയ്ക്കുമെടുത്തു.പൂന്തുറയിൽ ഒരാൾക്ക് രോഗബാധ അറിഞ്ഞതോടെ, ജമാഅത്ത് അംഗങ്ങൾ മത്സ്യലേലത്തിന് പോകുന്നത് വിലക്കി. മത്സ്യ വിപണനവും നിറുത്തി. പ്രദേശത്തേയ്ക്കുള്ള എല്ലാ വഴികളും പൊലീസിന്റെ അനുവാദത്തോടെ സന്നദ്ധപ്രവർത്തകരുടെ 24 മണിക്കൂർ നിയന്ത്രണത്തിലാക്കി. പൂന്തുറയിൽ ആട്ടോ ഒാടിക്കുന്ന ഇന്നാട്ടുകാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ, പ്രദേശമാകെ മിന്നൽ വേഗത്തിൽ അണുവിമുക്തമാക്കി. ക്യാമ്പുകൾ നടത്തി 300 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു എല്ലാം നെഗറ്റീവ്
പ്രതിരോധം ഇങ്ങനെയും
വരുന്നവരുടെയും പോകുന്നവരുടെയും വിവരങ്ങൾ സൂക്ഷിക്കാൻ രജിസ്റ്റർ
പുറത്തു നിന്നുള്ള ചരക്ക് വാഹനങ്ങൾക്ക് പ്രവേശനമില്ല
സാധനങ്ങൾ കവാടത്തിലിറക്കും . കടക്കാരെത്തി കൊണ്ടു പോകും
വിവരങ്ങളുടെ കൈമാറ്റം വേഗത്തിലാക്കാൻ വാട്സ് ആപ്പ് ഗ്രൂപ്പ്
'നൂറിൽപ്പരം ചെറുപ്പക്കാർ മൂന്നു ഷിഫ്ടായാണ് സേവനത്തിലുള്ളത്. മത്സ്യത്തൊഴിലാളികളാണ് ഏറെയും.. .വിലക്ക് ലംഘിച്ച് വിഴിഞ്ഞം പുറംകടലിലെത്തുന്നവരെ അധികാരികൾ ചെറുക്കണം".
- യു.സുധീർ, സെക്രട്ടറി, എച്ച്.എ. റഹ്മാൻ, പ്രസിഡന്റ്,
തെക്കുഭാഗം ജമാഅത്ത്