തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന രോഗലക്ഷണമില്ലാത്ത ആരോഗ്യപ്രവർത്തകർക്ക് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനുള്ള മാർഗരേഖ തയ്യാറായി. നിരീക്ഷണത്തിൽ പോകാൻ നിശ്ചിത ഫോമിൽ അപേക്ഷ നൽകണം, ശുചിമുറി ഉള്ള മുറിയിൽ തന്നെ കഴിയണം, ആരോഗ്യവിവരങ്ങൾ അപ്പപ്പോൾ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ അറിയിക്കണം എന്നിവയാണ് മാർഗരേഖയിലെ പ്രധാന നിർദേശങ്ങൾ.
കുടുംബത്തിലെ ആരോഗ്യമുള്ള ഒരാൾ രോഗിയുടെ ആരോഗ്യ നിലയെ സംബന്ധിച്ചുള്ള വിവരങ്ങൾ അറിഞ്ഞിരിക്കണം. രോഗിയുടെ ആരോഗ്യനില വഷളാവുകയാണെങ്കിൽ ആരോഗ്യ വിഭാഗത്തെ അറിയിക്കണം. കുടുംബത്തിൽ മറ്റ് അസുഖങ്ങൾ ഉള്ളവർ ഉണ്ടെങ്കിൽ അവരുടെ ആരോഗ്യം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ സംഘം വിലയിരുത്തണം. കൊവിഡ് രോഗിയ്ക്ക് പത്താം ദിവസം ആന്റിജൻ പരിശോധന നടത്തും. നെഗറ്റീവ് ആയാലും 7 ദിവസം കൂടി വിശ്രമം അനിവാര്യമാണ്.
പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ആശ വർക്കർമാർ തുടങ്ങിയവർ നിർദേശങ്ങളും ബന്ധപ്പെടേണ്ട നമ്പറുകളും നൽകണം. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള മെഡിക്കൽ സംഘം ഇവരെ ഫോൺ വഴിയും വീഡിയോ കോൾ വഴിയും ദിവസവും ബന്ധപ്പെടും. മെഡിക്കൽ ഉപദേശങ്ങൾ നൽകും. പൾസ് ഓക്സി മീറ്റർ ഉപയോഗിച്ച് രക്തത്തിലെ ഓക്സിജന്റെ അളവ് നോക്കണം. അത് ബന്ധപ്പെട്ട മെഡിക്കൽ ഓഫീസറെ അറിയിക്കുകയും വേണമെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.