തിരുവനന്തപുരം: റേഷൻ ധാന്യം റേഷൻ കടക്കാരൻ കരിഞ്ചന്തയിലേക്ക് കടത്തിയാൽ കട സസ്പെൻഡ് ചെയ്യും. ലൈസൻസ് റദ്ദാക്കും. ഒരു കിലോ അരിക്ക് 40 രൂപ വീതം ഈടാക്കും. ഇതേ കുറ്റം ഉദ്യോഗസ്ഥരോ കരാറുകാരോ ചെയ്താലോ? അന്വേഷണത്തിലൊതുങ്ങും ! റേഷൻകടക്കാരന് ശിക്ഷ ഉറപ്പ്. കരാറുകാരനും ഉദ്യോഗസ്ഥനും 'ഊരിപ്പോകാം'
സിവിൽ സപ്ളൈസ് വകുപ്പ് അന്തിമരൂപം നൽകുന്ന പുതിയ റേഷനിംഗ് ഓർഡറിലാണ് വേണ്ടപ്പെട്ടവരെ രക്ഷിക്കാനുള്ള വ്യവസ്ഥകൾ.
കേന്ദ്ര ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ പശ്ചാത്തലത്തിലാണ് 1966ലെ റേഷൻ നിയമങ്ങൾ മാറ്റുന്നത്. സിവിൽ സപ്ലൈസ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ തയ്യാറാക്കിയ ഭേദഗതികളിൽ കരിഞ്ചന്തയ്ക്ക് ചുക്കാൻ പിടിക്കുന്ന ഉദ്യോഗസ്ഥ - കരാർ ലോബിക്കെതിരെ ഒരു ശിക്ഷയും ഇല്ല. മൂന്നുവർഷത്തിനിടെ റേഷൻ തിരിമറിക്ക് നൂറിൽപ്പരം ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടിയെടുത്തിട്ടുണ്ട്. കരാറുകാരെ കരിമ്പട്ടികയിലാക്കുകയും ചെയ്തു. എന്നിട്ടും ഇവരുടെ തട്ടിപ്പ് നിയന്ത്രിക്കാൻ നിർദ്ദേശങ്ങളൊന്നും നിയമത്തിൽ ഇല്ല. ഈമാസം അവസാനം ഡയറക്ടറേറ്റ് റിപ്പോർട്ട് ഭക്ഷ്യവകുപ്പിന് കൈമാറും.
ഗോഡൗണുകളുടെ പരിശോധന, സുരക്ഷ, വാഹനങ്ങളിലെ ജി.പി.എസ് എന്നിവയെ കുറിച്ചൊന്നും നിയമത്തിൽ പറയുന്നില്ല.
സപ്ളൈകോയെ എല്ലാം ഏൽപ്പിച്ചാൽ
വാതിൽപ്പടി വിതരണത്തിനുള്ള ഏജൻസിയായി സപ്ളൈകോയെ നിയമത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതിൽ ഉദ്യോഗസ്ഥർക്കു തന്നെ എതിർപ്പുണ്ട്. ഭാവിയിൽ സഹകരണ സ്ഥാപനങ്ങൾ, മറ്റ് കോർപറേഷനുകൾ എന്നിവ മുഖേന വാതിൽപ്പടി വിതരണത്തിന് ഈ വ്യവസ്ഥ തടസമാകും. ഒന്നുകിൽ നിയമത്തിൽ ആ ഭാഗം ഒഴിവാക്കണം. അല്ലെങ്കിൽ സപ്ളൈകോയ്ക്കൊപ്പം സഹകരണ സ്ഥാപനങ്ങളെയും, കോർപറേഷനുകളെയും ഉൾക്കൊള്ളിക്കണമെന്നാണ് ഇവരുടെ വാദം.
പത്ത് പാസാകണം
പുതിയ റേഷൻ കട നടത്താൻ പത്താം ക്ളാസ് പാസാകണമെന്ന വ്യവസ്ഥ പുതിയ ഓർഡറിലുണ്ട്. നിലവിൽ കട നടത്തുന്നവർക്ക് ഇത് ബാധകമാകില്ല
മറ്റ് വ്യവസ്ഥകൾ
കാർഡിലെ പേരുകാർ മരിച്ചാൽ 30 ദിവസത്തിനകം താലൂക്ക് സപ്ലൈ ഓഫീസിൽ അറിയിക്കണം.
വീട്ടിലെ ഒരംഗത്തിന് റേഷൻകട ഉണ്ടെങ്കിൽ മറ്റൊരാൾക്ക് കട നടത്താനാകില്ല.
ലൈസൻസി മരിച്ചാൽ മക്കൾക്ക് അനന്തരാവകാശമായി ലൈസൻസിന് അപേക്ഷിക്കാനാകില്ല.
ലൈസൻസിയുടെ പ്രായപരിധി 21- 62 വയസ്
കടകളിൽ രണ്ടുമാസത്തെ ധാന്യം സംഭരിക്കാൻ സൗകര്യം വേണം.
കാർഡ് ഉടമകളുടെ ലിസ്റ്റ് റേഷൻകടകളിലും തദ്ദേശ സ്ഥാപനങ്ങളിലെ നോട്ടീസ് ബോർഡിലും പ്രദർശിപ്പിക്കണം.
വാർഡിലെ താമസക്കാരന് മാത്രമേ റേഷൻകടയ്ക്ക് ലൈസൻസ് അനുവദിക്കൂ.
അതത് മാസത്തെ റേഷൻ നീക്കിയിരിപ്പ് തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കണം.