നീക്കുന്ന മണലിൽ 90 ശതമാനം സിലിക്ക സാന്നിദ്ധ്യം
പണി കിട്ടിയത് ഇറിഗേഷൻ വകുപ്പിന്
ആലപ്പുഴ: പൊൻമുട്ടയിടുന്ന താറാവ് കൈവിട്ടുപോയല്ലോയെന്ന സങ്കടത്തിലാണ് ഇറിഗേഷൻ വകുപ്പ് അധികൃതർ! പ്രളയക്കെടുതിയിൽ നിന്നു നാടിനെ രക്ഷിക്കാനായി തോട്ടപ്പള്ളി ലീഡിംഗ് ചാനലിലെ (പുത്തനാർ) മണ്ണു നീക്കാൻ അനുമതി ലഭിച്ച കരാറുകാരന് 'ബമ്പറ'ടിക്കുമെന്ന് ബോദ്ധ്യമായതോടെ പുനർ ചിന്തനത്തിന്റെ പാതയിലാണ് വകുപ്പ്.
കഥയിങ്ങനെ: സ്പിൽവേ ചാനൽ മുതൽ വീയപുരം വരെ 11 കിലോമീറ്ററുള്ള ആറ്റിലെയും സ്പിൽവേ പാലത്തിനും അഴിമുഖത്തിനും ഇടയിലുള്ള ജലാശയത്തിലെയും മണലാണണ് നീക്കം ചെയ്യേണ്ടത്. 5.12 ലക്ഷം മീറ്റർ ക്യൂബ് മണൽ നീക്കണം. ലീഡിംഗ് ചാനലിലെ മണലും ചെളിയും നീക്കം ചെയ്യാൻ സ്വകാര്യ വ്യക്തിക്കും ധാതുമണൽ ഉള്ള പൊഴിമുഖത്തെ ആഴം വർദ്ധിപ്പിക്കാൻ ചവറ കെ.എം.എം.എല്ലിനുമാണ് കരാർ നൽകിയത്. ലീഡിംഗ് ചാനലിൽ നിന്ന് നീക്കുന്ന മണൽ കരാറുകാരന് ജിയോളജി വകുപ്പിന്റെ അനുമതി പാസോടെ മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടു പോകാം- ഇതായിരുന്നു പദ്ധതി.
കഥ മാറുന്നു: ലീഡിംഗ് ചാനലിൽ നിന്നു വരിക്കയറ്റുന്ന മണലിൽ ഇറിഗേഷൻ വകുപ്പിന്റെ കണ്ണുടക്കി. 90 ശതമാനം സിലിക്കയുടെ സാന്നിദ്ധ്യം. ഇക്കാര്യത്തിൽ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ സാക്ഷ്യപത്രവും ലഭിച്ചു. വെളുത്തതും സിലിക്ക സമ്പുഷ്ടവുമായ മണലാണ് സിലിക്ക മണൽ. ഗ്ളാസ് നിർമ്മാണത്തിനാണ് പ്രധാനമായും ഉപയോഗിക്കുന്നത്. മൂല്യം ഏറെയുള്ള ഐറ്റം. ഇതോടെ ഇറിഗേഷൻ അധികൃതരുടെ മട്ടുമാറി. കരാറുകാരനിൽ നിന്ന് അധികതുക വാങ്ങുകയോ, കരാർ തന്നെ റദ്ദാക്കി പുതിയ നിരക്കിൽ കരാർ ഏൽപ്പിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇറിഗേഷൻ എക്സിക്യുട്ടിവ് എൻജിനിയർ സർക്കാരിന് കത്തു നൽകിക്കഴിഞ്ഞു.
അനന്തരം: വീയപുരം പാണ്ടിപ്പാലത്തിന് സമീപത്തെ ലീഡിംഗ് ചാനലിലെ ഡ്രഡ്ജിംഗ് നിറുത്തിവച്ചു. അടിയന്തരമായി ആഴം വർദ്ധിപ്പിച്ചില്ലെങ്കിൽ പ്രളയകാലത്ത് ലീഡിംഗ് ചാനലിലെ നീരോഴുക്കിന് ശക്തികുറയും.
പൊഴിയിൽ മണൽ നീക്കം
എന്നാൽ തോട്ടപ്പള്ളി പൊഴിമുഖത്ത് സമയബന്ധിതമായി നീക്കം ചെയ്ത മണൽ ഇന്നലെ മുതൽ പൊലീസ് കാവലിൽ കെ.എം.എം.എൽ ചവറയിലേക്ക് കൊണ്ടുപോയിത്തുടങ്ങി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ആഭ്യന്തരവകുപ്പ് സെക്രട്ടറിയും ഇറിഗേഷൻ വകുപ്പിലെ ഉന്നതരും പങ്കെടുത്ത യോഗമാണ് മണൽ കൊണ്ടുപോകാൻ തീരുമാനിച്ചത്. കെ.എം.എം.എൽ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സമ്പർക്ക വ്യാപനം തടയാനായിരുന്നു ഇടയ്ക്ക് മണൽ നീക്കം കളക്ടർ നിരോധിച്ചത്.
.....................................
നീക്കം ചെയ്യുന്നത്
# തോട്ടപ്പള്ളി പാലം മുതൽ വീയപുരം വരെ 11 കിലോമീറ്റർ ദൂരത്തിൽ ലീഡിംഗ് ചാനലിൽ നിന്ന് 3.12 ലക്ഷം മീറ്റർ ക്യൂബ് മണൽ നീക്കം ചെയ്യും (ഒരു മീറ്റർ ക്യൂബിന്റെ നിരക്ക്-380രൂപ )
# തോട്ടപ്പള്ളി പാലത്തിനും പൊഴിമുഖത്തിനും ഇടയിൽ നിന്ന് നീക്കം ചെയ്യുന്നത് രണ്ട് ലക്ഷം മീറ്റർ ക്യൂബ് മണൽ (ഒരു മീറ്റർ ക്യൂബിന്റെ നിരക്ക്-465രൂപ )
.......................................
സിലിക്കായുടെ അളവ് കൂടുതലുള്ള മണലായതിനാൽ സർക്കാരിന്റെ അനുമതി ലഭിച്ചാൽ മാത്രമേ വീയപുരത്തെ മണൽ നീക്കാൻ അനുവദിക്കൂ. ഒഴിക്കിന്റെ ശക്തി കുറഞ്ഞാൽ നാളെ മുതൽ തോട്ടപ്പള്ളിയിലെ ഡ്രഡ്ജിംഗ് ആരംഭിക്കും
ഇറിഗേഷൻ വകുപ്പ്