തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ ആരോഗ്യ ദൗത്യത്തിനു (എൻ.എച്ച്.എം) കീഴിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കരാർ, ദിവസവേതന ജീവനക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം. ഇതനുസരിച്ച് മെഡിക്കൽ ഓഫീസർ, സ്പെഷ്യലിസ്റ്റ് എന്നിവരടക്കം ഗ്രേഡ് ഒന്നിൽ ഉൾപ്പെടുന്നവരുടെ കുറഞ്ഞ വേതനം 50,000 രൂപയായിരിക്കും. നിലവിൽ ഇത് 40,000 ആണ്.20 ശതമാനം റിസ്ക് അലവൻസും ഉണ്ടാകും.
സീനിയർ കൺസൾട്ടന്റ്, ഡെന്റൽ സർജൻ, ആയുഷ് ഡോക്ടർമാർ എന്നിവർ അടങ്ങുന്ന രണ്ടാം കാറ്റഗറിക്ക് നിലവിലെ വേതനത്തിനു പുറമെ 20 ശതമാനം റിസ്ക് അലവൻസ് നൽകും. മൂന്നാം വിഭാഗത്തിൽ വരുന്ന സ്റ്റാഫ് നഴ്സ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ഫാർമസിസ്റ്റ്, ടെക്നിഷ്യൻ തുടങ്ങിയവരുടെ കുറഞ്ഞ പ്രതിമാസ വേതനം 13,500 രൂപ ആയിരുന്നത് 20,000 ആക്കും. 25 ശതമാനം റിസ്ക് അലവൻസും അനുവദിക്കും. ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് ദിവസ വേതനത്തിനു പുറമെ 30 ശതമാനം റിസ്ക് അലവൻസ് ഉണ്ടാകും. ജീവനക്കാരുടെ ആനുകൂല്യ വർദ്ധനയ്ക്കായി പ്രതിമാസം 22.68 കോടി രൂപ അധികം അനുവദിക്കും.കൊവിഡ് പ്രവർത്തനങ്ങളുടെ നടത്തിപ്പിന് അധിക ജീവനക്കാരുണ്ടെങ്കിൽ ഇൻസെന്റീവും റിസ്ക് അലവൻസും പുതുതായി നിയമിക്കപ്പെടുന്ന എല്ലാ ജീവനക്കാർക്കും ലഭ്യമാക്കും. കൊവിഡ് ഹെൽത്ത് പോളിസി പാക്കേജുകൾ കെ.എ.എസ്.പി സ്കീമിന്റെ പരിധിയിൽ വരാത്ത ജീവനക്കാർക്കും നൽകും. കൊവിഡ് ബ്രിഗേഡിലെ എല്ലാ അംഗങ്ങൾക്കും മുഖ്യമന്ത്രിയുടെ അഭിനന്ദന സർട്ടിഫിക്കറ്റ് നൽകും.നാഷണൽ ഹെൽത്ത് മിഷൻ സമർപ്പിച്ച ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റികൾക്ക് കൊവിഡ് മഹാമാരിയുടെ സാഹചര്യത്തിലുണ്ടായ വരുമാനനഷ്ടം കണക്കിലെടുത്ത് 36.36 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അനുവദിക്കാനും തീരുമാനിച്ചു.