തോൽക്കുന്ന യുദ്ധം നയിക്കാനും ഒരാളുവേണം. മറ്റാരും അതിനില്ലെന്നിരിക്കെ സ്വയം പടച്ചട്ടയണിഞ്ഞ് അതിനിറങ്ങുകയായിരുന്നു സുഗതകുമാരി. ഏറ്റവും ഒടുവിൽ സുഗതകുമാരി നയിച്ച യുദ്ധം ആറന്മുള വിമാനത്താവളത്തിനെതിരെയായിരുന്നു. ആ യുദ്ധം ജയിച്ചതായാണ് ചരിത്രം രേഖപ്പെടുത്തുക. സ്ഥലം മാറിയെങ്കിലും പുതിയ കുപ്പിയിൽ ആ ആശയം പിന്നെയും വരുന്നുണ്ടെങ്കിലും വശ്യസുന്ദരമായ ആറന്മുള പാടത്തെ സംരക്ഷിക്കാൻ സുഗതകുമാരി നയിച്ച യുദ്ധത്തിന് സാധിച്ചു. അതിനുപിന്നിൽ രാപകലില്ലാതെ പോരാടിയവരെ മറന്നുകൊണ്ടല്ല ഈ കുറിപ്പ്. തുടക്കത്തിൽ സുഗതകുമാരി ആ പ്രതിരോധത്തിൽ ഉണ്ടായിരുന്നില്ല. ആറന്മുള വിമാനത്താവളത്തിനെതിരെ പോരാടിയ ചിലരോട് സുഗതകുമാരി ടീച്ചറെ അതിലേക്ക് വിളിക്കണം എന്ന് നിർദ്ദേശിക്കാൻ എനിക്കായത് യാദൃച്ഛികമാകാം. അതെന്തായാലും സുഗതകുമാരി വന്നതോടെയാണ് ആ പോരാട്ടത്തിന്റെ ഭാവം മാറിയത്. അത് വിജയത്തിലേക്ക് കുതിച്ചു. തോൽക്കുന്ന യുദ്ധം നയിക്കാനും പടനായകനും പടയാളികളും വേണമെന്ന ആത്മബോധമാണ് സുഗതകുമാരിയുടെ കാവ്യചിന്തയുടെ അന്തർധാര. തോൽക്കും എന്നറിയുമ്പോഴും വീറോടെ പോരാടാനുള്ള മനസാണ് സുഗതകുമാരിയെ എന്നും നയിച്ചിരുന്നത്. കണ്ണീരിന്റെ ഉപ്പും പ്രകൃതി സൗന്ദര്യത്തിന്റെ ശോണിമയും അതിനുണ്ട്. പ്രകൃതിസ്നേഹമാണ് അതിന്റെ അടിത്തറയും പ്രേരണയും. ഇക്കൊല്ലമെങ്കിലും സുഗതകുമാരിക്ക് ജ്ഞാനപീഠം കിട്ടണം എന്ന പ്രാർത്ഥനയോടെയാണ് ഇതെഴുതുന്നത്. വാർദ്ധക്യസഹജമായ വിഷമതകൾ നേരിട്ട് തന്റെ കാവ്യനികുഞ്ജത്തിൽ ഒതുങ്ങിക്കഴിയുകയാണ് മലയാളകവിതയ്ക്ക് പരിസിഥിതിബോധത്തിന്റെ ആത്മാനുഭവം പകർന്ന സുഗതകുമാരി. വാസ്തവത്തിൽ കായലും പുഴയും കാടുമെല്ലാം ഇന്നത്തെ നിലയിലെങ്കിലും കേരളത്തിൽ ശേഷിക്കുന്നത് സുഗതകുമാരിയുടെ കൃഷ്ണമണിയിലെ തീയും കണ്ണീരും കൊണ്ടുകൂടിയാണെന്നതാണ് യാഥാർത്ഥ്യം. ഒരു വറുതിയിലും വാടിപ്പോകുന്നതല്ല ആ സത്യം..
പരിസ്ഥിതിയെയും പ്രകൃതിയെയും സംബന്ധിച്ച പ്രാഥമിക പാഠങ്ങൾപോലും മനസിലാക്കാതെയാണ് പുതുതലമുറകളിലെ കുട്ടികൾ വിദ്യാലയങ്ങൾ വിട്ടിറങ്ങുന്നത്. അവർക്കും പക്ഷേ, സുഗതകുമാരി എന്നൊരു കവയിത്രി ഉണ്ടെന്നും പ്രകൃതിയെ സ്നേഹിക്കാനാണ് ആ ടീച്ചർ പഠിപ്പിക്കുന്നതെന്നും അറിയാം.
അരനൂറ്റാണ്ടിനിപ്പുറം പ്രചാരം നേടിയൊരു സന്ദേശമാണ് ഇക്കോ- ഫെമിനിസം. പാരിസ്ഥിതികസ്ത്രീവാദം എന്ന് അതിനെ മലയാളത്തിൽ പറയാറുണ്ടെങ്കിലും അതെത്രത്തോളം അർത്ഥവത്താവും എന്ന കാര്യത്തിൽ സംശയമുണ്ട്. ഫ്രഞ്ച് എഴുത്തുകാരി ഫ്രാങ്കോയ്സ് ഡ്യൂബൺ (Francoise d'Eaubonne) 1974-ലാണ് ഇങ്ങനെയൊരു പ്രയോഗം നടത്തിയത്. പ്രകൃതിയെ ചൂഷണം ചെയ്യുന്നതും സ്ത്രീയെ ചൂഷണം ചെയ്യുന്നതും ഒരുപോലെയാണെന്ന കാഴ്ചപ്പാടാണ് അതിലൂടെ വെളിപ്പെടുത്തുന്നത്. പ്രകൃതി ചൂഷണത്തിനെതിരെയുള്ള പോരാട്ടത്തെ വൈകാരിക തീവ്രമാക്കാൻ ഇത് സഹായിക്കും. എന്നാൽ, നമ്മെ സംബന്ധിച്ചിടത്തോളം ഇത് അരനൂറ്റാണ്ടിനിപ്പുറം മാത്രം പഴക്കമുള്ള ഒരറിവല്ല. പ്രകൃതിയെ സ്ത്രീയായി കാണുന്ന സംസ്കാരമാണ് ഭാരതത്തിന്റേത്. ഭൂമിയെ ഭൂമിദേവിയെന്നും മാതാവെന്നും കടലിനെ കടലമ്മയെന്നുമാണ് നമ്മുടെ വിളി. പുഴകളെയും നദികളെയും മാത്രമല്ല മഴയെയും മാരിവില്ലിനെയും നിലാവിനെയും പൂവിനെയും പൂമ്പാറ്റയെയുമെല്ലാം സ്ത്രീയായാണ് നമ്മൾ സങ്കല്പിക്കുന്നത്. നമ്മുടെ ഉപമയും ഉൽപ്രേക്ഷയുമെല്ലാം ആ നിലയിലാണ് രൂപപ്പെടുന്നത്. ഇന്നിപ്പോൾ ഫെമിനിസ്റ്റുകൾ പറയും സുഗതകുമാരിയെ എന്തിനാ കവയിത്രി എന്നു വിളിക്കുന്നത്, കവി എന്നു വിളിച്ചാൽ പോരേ എന്ന്. ഒ.എൻ.വിയും അയ്യപ്പപ്പണിക്കരും സുഗതകുമാരിയും ഒരുമിച്ചിരിക്കുമ്പോൾ രണ്ട് പുരുഷകേസരികളും ഒരു സ്ത്രീരത്നവും ഇരിക്കുന്നതായാണ് എനിക്ക് തോന്നിയിട്ടുള്ളത്. എന്നാൽ കവിതയ്ക്കപ്പുറമുള്ള ഒരു സഞ്ചാരത്തിലൂടെ നമ്മുടെ അമ്മയായിത്തീർന്ന കവയിത്രിയാണ് സുഗതകുമാരി. ഈ വലിയ സത്യത്തിലേക്ക് സഞ്ചരിക്കാനാണ് എനിക്കിഷ്ടം.
ഒരു പാട്ടു പിന്നെയും പാടി നോക്കുന്നിതാ
ചിറകൊടിഞ്ഞുള്ളോരീ കാട്ടുപക്ഷി
മഴുതിന്ന മാമര കൊമ്പിൽ തനിച്ചിരുന്നൊ-
ടിയാ ചിറകു ചെറുതിളക്കി -
എന്ന് പാടുമ്പോഴും പ്രകൃതിയുടെ ഭാവങ്ങളെ സ്ത്രൈണഭാവനയോടെ കാണാനാണ് സുഗതകുമാരി ശ്രമിക്കുന്നത്.
ഈ അടുത്ത കാലത്ത് മരണത്തെക്കുറിച്ചും സുഗതകുമാരി സംസാരിച്ചു. തന്റെ മരണാനന്തരം നടത്തേണ്ട ചടങ്ങുകൾ ലളിതമാക്കാനാവശ്യപ്പെട്ടുകൊണ്ട് ടീച്ചർ ഒസ്യത്ത് തയ്യാറാക്കുകയും ചെയ്തു.
”ജീവിതത്തിൽ സുനിശ്ചിതമായത് ഒന്നേയുള്ളു…അതാണ് മൃത്യു, ഞാനിനിയും വരും, കഷ്ടപ്പെടാനും പാട്ട് പാടാനും…” എന്ന് സുഗതകുമാരി എഴുതി. 'ഒരു താരകയെ കാണുമ്പോൾ അതു രാവു മറക്കും പുതുമഴകാൺകെ വരൾച്ച മറക്കും പാൽച്ചിരി കണ്ടതു മൃതിയെ മറന്നു സുഖിച്ചേ പോകും' - എന്നും മലയാളകവിതയുടെ അമ്മ എഴുതി. ഇങ്ങനെയൊക്കെ ആത്മാവിലിരുന്നു പാടുവാൻ ഒരു കവിക്കു കഴിയുമോ?ഇല്ല. കവയിത്രിക്കു മാത്രമേ കഴിയൂ. 'എങ്കിലുമിന്നും ജീവിതമേ ഞാൻ സ്നേഹിക്കുന്നു നിന്നെ' എന്നെഴുതിയതും സുഗതകുമാരിതന്നെ. ഇതെഴുതുമ്പോഴും വായിക്കുമ്പോഴും ഒരു കവിയുടെ പേരെ മനസിൽ വരാനിടയുള്ളൂ. മഹാകവി പി. കുഞ്ഞിരാമൻ നായർ എന്ന പേര്. പ്രകൃതിയെ ഉപാസിച്ച കവിയാണ് പി. കുഞ്ഞിരാമൻ നായർ. പുഴയായി ഒഴുകിയും മഴയായി പെയ്തും മാരിവില്ലായി വിളങ്ങിയും മഹാകവി പി കടന്നുപോയി. സുഗതകുമാരി പ്രകൃതിയെ ഉപാസിക്കുകയായിരുന്നില്ല. പ്രകൃതിയുടെ ഓരോ നാഡീഞരമ്പും തൊട്ടറിഞ്ഞ് അതിന്റെ കണ്ണീരും വിഹ്വലതകളും ഏറ്റുവാങ്ങി പ്രതിരോധം തീർക്കുകയായിരുന്നു. സന്യാസത്തിൽ ചട്ടമ്പിസ്വാമിയും ശ്രീനാരായണഗുരുവും തമ്മിലുള്ള അന്തരം അതിനുണ്ട്. പുഴക്കരയിലും കായൽപുളിനങ്ങളിലും കാട്ടാറിന്റെ തീരത്തും കാടിന്റെ ഇരുൾത്തടങ്ങളിലും സുഗതകുമാരിയുടെ ആത്മനയനങ്ങൾ വേരാഴ്ത്തി നിന്നു പോരാടുകയായിരുന്നു. പ്രകൃതിയെ സംരക്ഷിക്കാൻ പ്രകൃതിയോട് മാത്രം സല്ലപിച്ച് പുലരുന്നവരെ പരിപാലിക്കാൻ സുഗതകുമാരി ഒഴുക്കിയ കണ്ണീരിനും കാവ്യപ്രതിരോധത്തിനും വാക്കുകൾക്കപ്പുറമുള്ള മാനങ്ങളുണ്ട്. വരും തലമുറകൾ അത് തിരിച്ചറിയാതിരിക്കില്ല.