കഴിഞ്ഞ വർഷം ആഗസ്റ്റ് എട്ട്, എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനമായിരുന്നു. അന്നാണ് അച്ഛന് ഭാരത് രത്ന ലഭിച്ചത്. കൃത്യം ഒരു വർഷത്തിനിപ്പുറം അദ്ദേഹം ഗുരുതര രോഗാവസ്ഥയിലായിരിക്കുകയാണ്. അദ്ദേഹത്തിന് നല്ലത് എന്താണോ അത് ദൈവം ചെയ്യട്ടെ. സന്തോഷവും സങ്കടങ്ങളും സ്വീകരിക്കാനുള്ള ശക്തിയും ഞങ്ങൾക്കു നൽകട്ടെ. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ആശങ്ക അറിയിച്ച എല്ലാവരോടും ആത്മാർത്ഥമായി നന്ദി പറയുന്നു...'
അച്ഛൻ രോഗശയ്യയിലായിരുന്ന ദിനങ്ങളിലൊന്നിൽ മകൾ ശർമ്മിഷ്ഠ എഴുതി. കരുത്തനും മികച്ച ജനപ്രതിനിധിയുമായ ഒരച്ഛന്റെ മകൾക്ക് ഇങ്ങനെയല്ലാതെ പ്രതികരിക്കാനാകുമായിരുന്നില്ല. തിരക്കു നിറഞ്ഞ രാഷ്ട്രീയജീവിതത്തിലുടനീളം ശർമ്മിഷ്ഠയെ പ്രണബ് ഒപ്പം ചേർത്തുനിറുത്തി. പാട്ടുകൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന പ്രണബ് മകൾ കലാരംഗം തിരഞ്ഞെടുത്തപ്പോൾ കൂടുതൽ സന്തോഷവാനായി.
കുടുംബത്തിൽ പ്രണബിനോട് തർക്കിക്കാൻ ധൈര്യം കാട്ടിയിരുന്നത് ശർമ്മിഷ്ഠ മാത്രമായിരുന്നു. സ്നേഹപൂർവം, മകളെ മങ്കി (കുരങ്ങ്) എന്നായിരുന്ന് പ്രണബ് വിളിച്ചിരുന്നത്. ആൺമക്കളിൽ മൂത്തയാളായ ഡോ.അഭിജിത് മുഖർജി (രണ്ടാമൻ ഇന്ദ്രജിത്ത് മുഖർജി) അച്ഛന്റെ പാത പിന്തുടർന്ന് രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ചപ്പോൾ, മകൾ കഥക് നർത്തകിയായി പേരെടുത്തു.
നൃത്തത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചെങ്കിലും ശർമ്മിഷ്ഠ പിതാവിനോടൊപ്പം പൊതു ചടങ്ങുകളിലും പരിപാടികളിലും പങ്കെടുത്തിരുന്നു.അത്തരം പരിപാടികളിൽ മകൾ കൂടെയുള്ളപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് ഒരു പുഞ്ചിരി വിടരും. പ്രസിഡന്റായിരിക്കെയുള്ള യാത്രകളിലും തനിക്കു കൂട്ടായി അദ്ദേഹം മകളെ കൂട്ടുമായിരുന്നു. ഭാര്യ സുർവ മുഖർജി 2015ൽ മരിച്ചതോടെ, ശർമ്മിഷ്ഠയാണ് അച്ഛന് താങ്ങായും തണലായും കൂടെ നിന്നത്. രാഷ്ട്രപതി ഭവനിലെ താത്ക്കാലിക ഹോസ്റ്റസായും ശർമ്മിഷ്ഠ പ്രവർത്തിച്ചു.
2014ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ശർമ്മിഷ്ഠ അംഗത്വമെടുത്തു. 2015ൽ ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ ഗ്രേറ്റർ കൈലാഷ് മണ്ഡലത്തിൽ നിന്ന് ശർമ്മിഷ്ഠ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. പരാജയത്തിൽ തളരാതെ ശർമ്മിഷ്ഠയെ പിടിച്ചു നിറുത്തിയത് തന്റെ പിതാവിന്റെ പിൻന്തുണയും സ്നേഹവുമായിരുന്നു.