ആലപ്പുഴ: പഠനം മാത്രമല്ല ഫിറ്റ്നെസ് പരിശീലനവും ഓൺലൈനിലേക്ക്. ‘സ്റ്റേ ഫിറ്റ്’ എന്ന പേരിൽ ഓൺലൈൻ ഫിസിക്കൽ ഫിറ്റ്നെസ് ആൻഡ് അവയർനെസ് പ്രോഗ്രമാണ് സ്കൂൾ കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നത്. കേരള ഒളിമ്പിക് അസോസിയേഷന്റെ ഈ ആശയം യാഥാർത്ഥ്യമാക്കിയിരിക്കുന്നത് ലക്ഷ്മിഭായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിസിക്കൽ എഡ്യുക്കേഷൻ, സ്പോർട്ട്സ് അതോറിറ്റി ഒഫ് ഇന്ത്യ (സായ്) എന്നിവയുടെ നേതൃത്വത്തിലാണ്.
കൊവിഡ് രോഗ വ്യാപനത്തിൽ സ്കൂളുകളും കായിക പരിശീലന കേന്ദ്രങ്ങളും അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിലാണിത്. കേരളത്തിലെ ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗത്തിൽ വിദഗ്ദ്ധരായിട്ടുള്ളവരാണ് പരിശീലന വീഡിയോകൾ അവതരിപ്പിക്കുന്നത്. വീട്ടിലിരുന്ന് കാണുന്ന കുട്ടികൾക്ക് പരിശീലനം വിശദീകരിക്കാൻ കുട്ടികളെയും അവതരണത്തിൽ പങ്കെടുപ്പിച്ചിട്ടുണ്ട്.
45 മിനിറ്റ് ദൈർഘ്യത്തിലാണ് വീഡിയോകൾ തയ്യാറാക്കിയിരിക്കുന്നത്.
12 അംഗ സംഘം
സായിയുടെ നേതൃത്വത്തിലുള്ള 12 പേരടങ്ങുന്ന വിദഗ്ദ്ധ സംഘമാണ് സ്റ്റേ ഫിറ്റിന് സിലബസ് തയ്യാറാക്കിയിരിക്കുന്നത്. രസകരമായ പരിശീലനങ്ങൾ, ഫാമിലി എന്റർടെയ്ൻമെന്റ് പരിപാടികൾ, കായിക ഇനങ്ങൾ പരിചയപ്പെടുത്തൽ, കായിക രംഗത്തെ നേട്ടങ്ങളും ആനുകൂല്യങ്ങളും എന്നിങ്ങനെ നാല് വിഷയങ്ങൾ വീഡിയോകളിലൂടെ കടന്നുപോകും. കേരള സിലബസ് വിദ്യാർത്ഥികൾക്ക് വേണ്ടി വിക്ടേഴ്സ് ചാനൽ വഴി വീഡിയോ സംപ്രേഷണം ചെയ്യുന്നുണ്ട്. മറ്റ് സിലബസ് വിദ്യാർത്ഥികൾക്ക് കേരള ഒളിമ്പിക് അസോസിയേഷന്റെ യു ടൂബ് ചാനലിലോ ഫേസ്ബുക്ക് പേജിലോ രാവിലെ 8.30ന് അപ് ലോഡാകുന്ന വീഡിയോ സ്കൂൾ അധികൃതരുടെ മേൽനോട്ടത്തിൽ ഡൗൺലോഡ് ചെയ്ത് നൽകുന്നുമുണ്ട്. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഓൺലൈനിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നീട് കാണാനും ആവശ്യാനുസരണം ഡൗൺലോഡ് ചെയ്യാനും സൗകര്യമുണ്ട്.
പരിശീലനം
ഒന്ന് മുതൽ നാലാം ക്ലാസുവരെയുള്ളവർക്ക് തിങ്കൾ, വ്യാഴം. അഞ്ച് മുതൽ ഏഴ് വരെ ചൊവ്വ, വെള്ളി. എട്ട് മുതൽ 10 വരെയുള്ളവർക്ക് ബുധൻ, ശനി
.......................
20 ലക്ഷം: ഒരു മാസം ഇത്രയും കുട്ടികളിലേക്ക് വീഡിയോ എത്തിക്കുക ലക്ഷ്യം
......................
ആദ്യഘട്ട വീഡിയോകൾക്ക് മികച്ച പ്രതികരണമായിരുന്നു. നിലവിൽ 9 ലക്ഷം കുട്ടികൾ വീഡിയോ കാണുന്നുണ്ട്. സ്കൂൾ തുറക്കാൻ കാലതാമസമുണ്ടായാൽ വീഡിയോ കാണുന്ന കുട്ടികളുടെ എണ്ണം 20 ലക്ഷം മറികടക്കുമെന്നാണ് കണക്കുകൂട്ടൽ. കുട്ടികൾക്കൊപ്പം രക്ഷിതാക്കൾക്കും പങ്കുചേരാം
എസ്.രാജീവ് (സെക്രട്ടറി ജനറൽ, കേരള ഒളിമ്പിക് അസോസിയേഷൻ)
......................................
കൊവിഡ്കാല വ്യായാമമെന്ന നിലയിൽ ഏറെ ഗുണം ചെയ്യും. സ്മാർട്ട് ഫോൺ, ടി.വി, ടാബ് ലറ്റ് എന്നിവയിൽ അകപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് കായിക പരിശീലനം പ്രാധാന്യമർഹിക്കുന്നു. കൂടാതെ മാനസിക സമ്മർദ്ദം കുറക്കുന്നതിനും ആരോഗ്യം സംരക്ഷിക്കുന്നതിനും ഇത് സഹായകമാകും
ഡോ.സി.ജെ.ജോൺ (മനോരോഗ വിദഗ്ദ്ധൻ)