കോൺഗ്രസ് ഓഫീസുകൾക്ക് പൊലീസ് സുരക്ഷ
കൊല്ലം: ജില്ലയിൽ പലയിടത്തും കോൺഗ്രസ് - സി.പി.എം തുടർ സംഘർഷങ്ങൾക്ക് സാദ്ധ്യതയുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്ന് സംഘർഷ മേഖലകളിൽ പൊലീസ് സാന്നിദ്ധ്യം ഉറപ്പാക്കി. വെഞ്ഞാറമൂട്ടിലെ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നടത്തിയ പ്രകടനങ്ങളിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം നടന്നിരുന്നു. ഡി.സി.സി ഓഫീസ് മുതൽ മണ്ഡലം കമ്മിറ്റി ഓഫീസുകളും കൊടിമരങ്ങളും ആക്രമിക്കപ്പെട്ടു. ഇതേതുടർന്ന് വിഷയം പ്രാദേശിക സ്വഭാവത്തിലേക്ക് മാറി. കൊടിമരങ്ങളും പാർട്ടി ഓഫീസുകളും തകർത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകരും പ്രകോപന മുദ്രാവാക്യങ്ങളുമായി നിരത്തിലിറങ്ങി.
ശാസ്താംകോട്ട ഭരണിക്കാവിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിന് നേരെ കല്ലേറുണ്ടായതിന് പിന്നാലെ സി.പി.എം കുന്നത്തൂർ ഏരിയാ കമ്മിറ്റി ഓഫീസിന് നേരെയും കല്ലേറുണ്ടായി.
ഡി.സി.സി ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തിൽ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് ലക്ഷ്യമാക്കിയാണ് പ്രകടനം തുടങ്ങിയത്. പൊലീസ് സമയോചിതമായി ഇടപെട്ട് തടഞ്ഞതിനാലാണ് സംഘർഷങ്ങൾ ഒഴിവായത്. പ്രാദേശിക വികാര പ്രകടനങ്ങളും പ്രതിഷേധങ്ങളും സംഘർഷങ്ങളിലേക്ക് നീങ്ങുമെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.
വ്യാപക ആക്രമണം
ഡി.സി.സി ഓഫീസ്, ശാസ്താംകോട്ട ഭരണിക്കാവിലെ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസ്, ശക്തികുളങ്ങര - പാവുമ്പ മണ്ഡലം കമ്മിറ്റി ഓഫീസുകൾ തുടങ്ങി ജില്ലയിലെ വിവിധ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ അക്രമം നടന്നു. കൊല്ലം നഗരത്തിലുൾപ്പെടെ വ്യാപകമായി കൊടിമരങ്ങളും നശിപ്പിക്കപ്പെട്ടു. ഓഫീസുകൾ ആക്രമിച്ചവർക്കെതിരെ ദുർബല വകുപ്പുകളിട്ട് കേസെടുത്ത് ജാമ്യത്തിൽ വിട്ടയ്ക്കുന്നുവെന്ന് ഡി.സി.സി പ്രസിഡന്റ് ആരോപിച്ചു.