കൊല്ലം: ജില്ലയിൽ കൊവിഡ് വ്യാപനത്തിനൊപ്പം മരണസംഖ്യയും ഉയരുന്നു. ജില്ലയിൽ ഇതുവരെ 28 പേർ കൊവിഡ് ബാധിച്ച് മരിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. എന്നാൽ അന്തിമ പരിശോധനാ ഫലം വരാത്തതിനാൽ എട്ട് മരണങ്ങൾ കൊവിഡ് മരണമായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കൊവിഡ് ചികിത്സയിലിരിക്കെ ഹൃദയസ്തംഭനത്തെ തുടർന്നാണ് ജില്ലയിൽ ഭൂരിഭാഗം പേരും മരിച്ചത്. മരിച്ചവരിൽ അധികവും മദ്ധ്യവയസ് പിന്നിട്ടവരാണ്. ഇവരിൽ പലരും മറ്റ് പല രോഗങ്ങൾക്കും നേരത്തെ മുതൽ ചികിത്സയിലായിരുന്നവരാണ്. അഞ്ചുപേർക്ക് മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമീപനാളുകളിൽ മരണശേഷമുള്ള കൊവിഡ് സ്ഥിരീകരണം ഉണ്ടാകാത്തത് ചെറിയ ആശ്വാസമാണ്.
കഴിഞ്ഞമാസമാണ് ജില്ലയിൽ ഏറ്റവും കൂടുതൽ കൊവിഡ് മരണം സ്ഥിരീകരിച്ചത്. 15 പേരാണ് ആഗസ്റ്റിൽ മരിച്ചത്. കഴിഞ്ഞമാസം മരിച്ച പലരുടെയും അന്തിമ പരിശോധനാ ഫലം ഇനിയും വരാനുണ്ട്. മാർച്ച് 27നാണ് ജില്ലയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. എന്നാൽ ജൂൺ നാലിനാണ് ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തത്. കാവനാട് സ്വദേശിയായ വയോധികൻ മരിച്ചശേഷം നടത്തിയ പരിശോധനയിലായിരുന്നു ജില്ലയിലെ ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ചത്.
അധികവും 60 കഴിഞ്ഞവർ
ജില്ലയിലേത് പോലെ തന്നെ സംസ്ഥാനതലത്തിലെ കണക്കുകൾ പരിശോധിക്കുമ്പോഴും മരിച്ചവരിൽ അധികവും അറുപത് കഴിഞ്ഞവരാണ്. സംസ്ഥാനത്ത് ഇതുവരെ 298 മരണമാണ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തത്. ഇതിൽ 212 പേരും 60 വയസിന് മുകളിൽ പ്രായമുള്ളവരാണ്.
കൊവിഡ് മരണം (ഔദ്യോഗിക കണക്ക്)
തിരുവനന്തപുരം: 91
മലപ്പുറം: 24
എറുണാകുളം: 34
ആലപ്പുഴ: 15
കോഴിക്കോട്: 31
കാസർകോട്: 27
തൃശൂർ: 13
കൊല്ലം: 20
കോട്ടയം: 3
പത്തനംതിട്ട: 3
കണ്ണൂർ: 26
പാലക്കാട്: 3
ഇടുക്കി: 3
വയനാട്: 5