ചണ്ഡിഗഢ്: ബൈക്കിലെത്തി മൊബൈൽ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ച കള്ളനെ അടിച്ച് പഞ്ചറാക്കി പൊലീസിനെ ഏൽപ്പിച്ച പതിനഞ്ചുകാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. സ്ത്രീ ദുർബലയും അബലയുമാണെന്ന് കരുതുന്നവർ ഈ വീഡിയോ ഒന്നു കാണണം. പഞ്ചാബിലെ കുസും കുമാരിയെന്ന കൗമാരക്കാരിയാണ് കള്ളന് കണക്കിന് കൊടുത്തത്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോവുകയായിരുന്നു കുസും. ജലന്ധറിൽ വച്ച് ബൈക്കിലെത്തിയ രണ്ടുപേർ കുസുമിന്റെ പക്കലുളള ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചു. തുടർന്ന് പെൺകുട്ടി ഇവരെ ചെറുത്തു. ഇരുവരും തമ്മിൽ മൽപ്പിടിത്തം നടത്തുന്നതിനിടെ മോഷ്ടാവ് കുസുമിനെ മൂർച്ചയുള്ള ആയുധമുപയോഗിച്ച് ആക്രമിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നിട്ടും കള്ളനെ കുസും വിടാതെ പിടിച്ചുവച്ചു. കുസുമിന്റെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ മോഷ്ടാവിനെ പിടികൂടി. പരിക്കേറ്റ കുസും ആശുപ്രതിയിൽ ചികിത്സയിലാണ്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സമീപത്തെ സി.സി ടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ ആരോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. സംഭവം പെട്ടെന്ന് വൈറലായി. കുസുമിന്റെ ധീരതയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.