കണ്ണനല്ലൂർ: കാടക്കോഴി വാങ്ങാൻ സുഹൃത്തിനൊപ്പം പോയ ശേഷം കാണാതായ ഗൃഹനാഥനെ കൊന്ന് കിണറ്റിൽ തള്ളിയ നിലയിൽ കണ്ടെത്തി. സംഭവത്തിൽ സുഹൃത്തുൾപ്പെടെ രണ്ടുപേരെ കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമ്പന മുട്ടയ്ക്കാവ് വടക്കേത്തൊടി വീട്ടിൽ ഷൗക്കത്തലിയാണ് (60) കൊല്ലപ്പെട്ടത്. ഷൗക്കത്തലിയുടെ സുഹൃത്ത് മണലിൽ വെള്ളച്ചാൽ പുത്തൻവീട്ടിൽ ഷൈജു (31), ഇയാളുടെ സുഹൃത്ത് വെള്ളച്ചാൽ അനീഷ് ഭവനിൽ അനീഷ് (30) എന്നിവരാണ് അറസ്റ്റിലായത്.
അഞ്ചൽ മണലിൽ വെള്ളച്ചാലിലുള്ള റബർ തോട്ടത്തിലെ പൊട്ടക്കിണറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ 28ന് രാവിലെ പത്തോടെയാണ് മരം മുറിപ്പ് തൊഴിലാളിയായ ഷൗക്കത്തലിയെ മുട്ടയ്ക്കാവിൽ റബർ ടാപ്പിംഗിനെത്തിയ ഷൈജു വീട്ടിൽ നിന്ന് കാടക്കോഴി വാങ്ങിനൽകാമെന്നു പറഞ്ഞ് കൂട്ടികൊണ്ടുപോയത്. രണ്ട് ദിവസമായിട്ടും ഷൗക്കത്തലി തിരിച്ചെത്താത്തതിനെ തുടർന്ന് ഭാര്യ ഉമൈറ 30ന് കണ്ണനല്ലൂർ പൊലീസിന് പരാതി നൽകി. പൊലീസ് ഷൈജുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. തുടർന്ന് പൊലീസെത്തി കിണറ്റിൽ നിന്ന് മൃതദേഹം പുറത്തെടുത്തു.
പൊലീസ് പറയുന്നത്: 28ന് വൈകിട്ട് വെള്ളച്ചാലിലെ വീട്ടിൽ വച്ച് ഷൗക്കത്തലിയും ഷൈജുവും മദ്യപിക്കുന്നതിനിടയിൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കത്തിനിടയിൽ ഷൈജു ഷൗക്കത്തലിയെ വീടിന് മുന്നിലെ താഴ്ചയിലേക്ക് തള്ളിയിടുകയായിരുന്നു. ഷൗക്കത്തലിക്ക് അനക്കമില്ലെന്ന് കണ്ടതോടെ സുഹൃത്തായ അനീഷിനെ വിളിച്ചുവരുത്തി. തുടർന്ന് ഇരുവരും ചേർന്ന് മൃതദേഹം മുക്കാൽ കിലോമീറ്റർ അകലെയുള്ള റബർ തോട്ടത്തിലെ പൊട്ടക്കിണറ്റിൽ തള്ളുകയായിരുന്നു. ഷൗക്കത്തലിയുടെ മക്കൾ: ഷംനാദ്, നെസിയത്ത്. മരുമക്കൾ: ഷെമീർ, സുബിന.