തിരുവനന്തപുരം : വെഞ്ഞാറമൂട്ടിൽ ഉത്രാട രാത്രിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയ രണ്ടു പേർകൂടി പിടിയിലായി. കൊലപാതകത്തിൽ നേരിട്ട് ബന്ധമുള്ള മദപുരം സ്വദേശി ബിജു (ഉണ്ണി), ഇയാളുടെ സുഹൃത്ത് പുല്ലംപാറ സ്വദേശി അൻസർ എന്നിവരാണ് വെമ്പായം നൂറേക്കറിനു സമീപത്തു നിന്ന് ഇന്നലെ രാത്രി വൈകി പൊലീസ് പിടിയിലായത്. ഇരുവരും കോൺഗ്രസുകാരാണെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിൽ ഇതുവരെ ഒൻപത് പ്രതികളാണ് പിടിയിലായത്. ഉണ്ണിയെയും അൻസറിനെയും പ്രത്യേക കേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. ഉണ്ണിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷമാകും അൻസറിന്റെ അറസ്റ്റ്. കൊലപാതകത്തിന് മറ്റൊരുടെയെങ്കിലും നിർദേശം ലഭിച്ചിരുന്നോ, ഒളിവിൽ പോകാൻ ആരെല്ലാം സഹായിച്ചു തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ചോദിച്ചറിയുന്നത്.
നേരത്തെ അറസ്റ്റിലായവരെ കസ്റ്റഡിയിൽ ലഭിക്കാൻ ഇന്ന് അപേക്ഷ നൽകും. മുഴുവൻ പ്രതികളെയും കസ്റ്റഡിയിൽ വാങ്ങിയാകും തെളിവെടുപ്പ് ആരംഭിക്കുക.
കൊലപാതകശേഷം പ്രതികളായ സനലിനെയും സജീവിനെയും മാരുതി ഡിസയറിൽ രക്ഷപ്പെടാൻ സഹായിച്ചത് മഹിളാ കോൺഗ്രസ് പ്രവർത്തക പ്രീജയാണെന്ന് പൊലീസ് പറഞ്ഞു. പ്രീജ ചിട്ടിപിടിച്ച പണം ഇരുവർക്കും നൽകിയതായും അന്വേഷണസംഘം കണ്ടെത്തി. ഇതിൽ 13,500 രൂപ ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ പൊലീസ് കണ്ടെടുത്തിരുന്നു. പ്രതികളുടേതെന്നു കരുതുന്ന വസ്ത്രങ്ങളും വെട്ടാനും കുത്താനും ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. നെടുമങ്ങാട് ആനാടിന് അടുത്തുള്ള മൊട്ടക്കാവിലെ റബർ തോട്ടത്തിൽ നിന്നാണ് രണ്ട് ഷർട്ട് കിട്ടിയത്. ഷർട്ടും ആയുധങ്ങളും ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കും.
രാഷ്ട്രീയ കൊലപാതകത്തിൽ പ്രാദേശിക കോൺഗ്രസ് ഇടപെടലും പരിശോധിക്കുന്നുണ്ട്. ചിലരുടെ മൊബൈൽ ഫോൺ വിളികളുടെ വിവരങ്ങളും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. ഇവരുടെ രണ്ടുമാസത്തെ ഫോൺവിവരങ്ങളാണ് ശേഖരിക്കുന്നത്.