സെൻസെക്സിൽ നിന്ന് ₹2.36 ലക്ഷം കോടി കൊഴിഞ്ഞു
കൊച്ചി: ബാങ്കിംഗ്, ധനകാര്യ ഓഹരികളിലുണ്ടായ കനത്ത വില്പന സമ്മർദ്ദത്തെ തുടർന്ന് ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ കനത്ത നഷ്ടത്തിലേക്ക് വീണു. സെൻസെക്സ് 633 പോയിന്റിടിഞ്ഞ് 38,357ലും നിഫ്റ്റി 193 പോയിന്റ് നഷ്ടവുമായി 11,333ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്.
മോറട്ടോറിയം കേസിൽ വിധിയുണ്ടാകുന്നതുവരെ വായ്പാ അക്കൗണ്ടുകൾ കിട്ടാക്കടത്തിന്റെ (എൻ.പി.എ) ഗണത്തിൽ ഉൾപ്പെടുത്തരുതെന്ന സുപ്രീംകോടതി നിർദേശമാണ് ധനകാര്യ ഓഹരികളെ സമ്മർദ്ദത്തിലാക്കിയത്. ആഗോളതലത്തിൽ ഓഹരി സൂചികകളിലുണ്ടായ വിറ്റൊഴിയൽ ട്രെൻഡും ഇന്ത്യയിൽ പ്രതിഫലിച്ചു.
ആക്സിസ് ബാങ്ക്, ടാറ്റാ സ്റ്റീൽ, എൻ.ടി.പി.സി., ഭാരതി എയർടെൽ, എസ്.ബി.ഐ., സൺഫാർമ എന്നിവയാണ് നഷ്ടത്തിന് നേതൃത്വം നൽകിയത്. മാരുതി സുസുക്കിയാണ് നേട്ടമുണ്ടാക്കിയ ഏക പ്രധാന ഓഹരി. സെൻസെക്സിന്റെ മൂല്യം 156.86 ലക്ഷം കോടി രൂപയിൽ നിന്ന് 154.50 ലക്ഷം കോടി രൂപയിലേക്കും ഇന്നലെ താഴ്ന്നു; നഷ്ടം 2.36 ലക്ഷം കോടി രൂപ.