തലശ്ശേരി: കതിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സി.പി.എം ശക്തികേന്ദ്രമായ പൊന്ന്യം പാലം ചൂള റോഡിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില അതീവഗുരുതരമാണ്.ഇന്നലെ ഉച്ചയോടെയാണ് പ്രദേശത്തെ നടുക്കി ഉഗ്ര സ്ഫോടനം നടന്നത്. പരിക്കേറ്റവരെല്ലാം സി.പി.എമ്മുകാരാണ്. ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായിരുന്ന മാഹി റെയിൽവെ സ്റ്റേഷനടുത്ത കല്ലറോത്ത് ഹൗസിൽ റെനീഷ് (32), കതിരൂർ മനോജ് വധക്കേസിലെ പ്രതി പൊന്ന്യം കക്കറയിലെ സജിലേഷ് എന്ന സഞ്ജുട്ടി (32), അഴിയൂരിലെ കെ.ഒ ഹൗസിൽ ധീരജ് (28) എന്നിവർക്കാണ് പരിക്കേറ്റത്. മൂവരെയും തലശേരി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. റനിഷിന്റെ ഇരുകൈപ്പത്തികളും സ്ഫോടനത്തിൽ ചിതറിപ്പോയി. സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന്'നിർമ്മിച്ചുവച്ച 12 സ്റ്റീൽ ബോംബുകൾ കണ്ടെടുത്തിട്ടുണ്ട്. ഇവ നിർമ്മിച്ച് അധികസമയമായില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. പൊട്ടിത്തെറി നടന്ന സ്ഥലത്ത് കൂടുതൽ പേർ ഉണ്ടായിരുന്നതായും സൂചനയുണ്ട്.
ബോംബ് നിർമ്മാണത്തിനിടെയാണ് പൊന്ന്യത്ത് സ്ഫോടനം നടന്നതെന്ന് സ്ഥലം സന്ദർശിച്ച ജില്ലാ പാെലീസ് മേധാവി യതീഷ് ചന്ദ്ര പറഞ്ഞു. തലശേരി ഡിവൈ.എസ്.പി മൂസ്സ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്പ്ചെയ്യുന്നുണ്ട്. കുറച്ചുനാളായി തലശ്ശേരി മേഖലയിൽ രാഷ്ട്രീയസംഘർഷങ്ങൾ തലപൊക്കിത്തുടങ്ങിയിട്ടുണ്ട്. കൊവിഡ് ഡ്യൂട്ടിയടക്കമുള്ള തിരക്ക് മൂലം പതിവായി നടക്കാറുള്ള ബോംബ് പരിശോധനകൾ മുടങ്ങിക്കിടക്കുകയാണ്. ഇത് മുതലെടുത്തായിരിക്കാം ബോംബ് നിർമ്മാണം നടന്നതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. പരിക്കേറ്റവരുടെ രാഷ്ട്രീയ ബന്ധം ഇപ്പോൾ പറയാറായിട്ടില്ലെന്നും ഇതിലൊരാളുടെ പരിക്ക് ഗുരുതരമാണെന്നും പൊലീസ് മേധാവി പറഞ്ഞു.