ലക്നൗ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിൽ മൂന്ന് വയസുകാരിയെ പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കഴിഞ്ഞ 20 ദിവസത്തിനിടെ ജില്ലയിലെ മൂന്നാമത്തെ പീഡനകൊലപാതകമാണിത്.
ബുധനാഴ്ചയാണ് പെൺകുഞ്ഞിനെ കാണാതായത്. വീടിന് അരകിലോമീറ്റർ അകലെയുള്ള കരിമ്പിൻ തോട്ടത്തിൽ നിന്നും വ്യാഴാഴ്ച രാവിലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അയൽഗ്രാമത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മുൻവൈരാഗ്യത്തെത്തുടർന്ന് ഇയാൾ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പിതാവിന്റെ ആരോപണം.
ദിവസങ്ങൾക്ക് മുമ്പ് സ്കോളർഷിപ്പ് അപേക്ഷ പൂരിപ്പിക്കാൻ വീട്ടിൽ നിന്ന് പോയ 17കാരിയെ ഗ്രാമത്തിന് പുറത്ത് പീഡനത്തിനിരയായി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഗ്രാമത്തിൽ നിന്ന് 200 മീറ്റർ അകലെ വെള്ളമില്ലാത്ത കുളത്തിനടുത്തു നിന്നാണ് 17കാരിയുടെ മൃതദേഹം കണ്ടെത്തിയത്.
ഇതിന് മുമ്പ് 13 വയസുകാരിയെ പീഡിപ്പിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയിരുന്നു. വയലിലേക്ക് പോയ പെൺകുട്ടി തിരച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
തുടർച്ചയായ പീഡനകൊലപാതകങ്ങളിൽ യു.പിയിലെ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ വൻ പ്രതിഷേധമാണുയരുന്നത്. സംസ്ഥാനത്ത് സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ലെന്നും ക്രമസമാധനനില തകരാറിലാണെന്നും ആരോപിച്ച് കോൺഗ്രസും സമാജ്വാദി പാർട്ടിയും രംഗത്തെത്തി.