തിരുവനന്തപുരം: സെപ്തംബർ 14ന് ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി കേരളത്തിലെ എം.പിമാരുടെ യോഗം 7ന് നടക്കും. മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ സമ്മേളനം സെപ്തംബർ 7ന് രാവിലെ പത്ത് മണിക്ക് വീഡിയോ കോൺഫറൻസ് വഴിയായിരിക്കും നടക്കുക. പാർലമെന്റിൽ കേരളത്തിനായി ഉന്നയിക്കേണ്ട വിഷയങ്ങളാണ് ചർച്ച ചെയ്യുക. ഇത്തവണ ചോദ്യോത്തരവേള ഉണ്ടാവില്ലെന്ന് കേന്ദ്രപാർലമെന്ററികാര്യ മന്ത്രി അറിയിച്ചിട്ടുണ്ട്. എന്നാൽ സീറോ അവർ ഉണ്ടാവും. അതും അരമണിക്കൂറാക്കാൻ സാദ്ധ്യതയുണ്ട്.
കേരളത്തിൽ നിന്നുള്ള 20 ലോകസഭാംഗങ്ങളും 9 രാജ്യസഭാംഗങ്ങളും കൂടാതെ മറ്ര് സംസ്ഥാനങ്ങളിൽ നിന്നും അല്ലാതെയും രാജ്യസഭയിലെത്തിയവരെയും യോഗത്തിലേക്ക് ക്ഷണിക്കും. കേന്ദ്രമന്ത്രി വി.മുരളീധരൻ,നോമിനേറ്രഡ് അംഗം സുരേഷ് ഗോപി,രാജസ്ഥാനിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ,മുൻകേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം എന്നിവരെയായിരിക്കും ഇങ്ങനെ യോഗത്തിലേക്ക് ക്ഷണിക്കുക. കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എം.വി ശ്രേയാംസ് കുമാറിന്റെ ആദ്യയോഗമാണിത്.