കിളിമാനൂർ: സ്വന്തം ജീവൻ പണയംവച്ച് അന്യന്റെ രക്ഷയ്ക്കായി തലങ്ങും വിലങ്ങും പായുന്ന 108 ആംബുലൻസ് ജീവനക്കാർക്ക് മിച്ചം പ്രാരാബ്ദം മാത്രം. ഒരു രൂപയുടെ ആനുകൂല്യംപോലും ഓണക്കാലത്ത് ഇവർക്ക് ലഭിച്ചിട്ടില്ല. ശമ്പളം ലഭിക്കുന്നതാകട്ടെ മൂന്ന് മാസത്തിലൊരിക്കലും. ഡ്രൈവറും നഴ്സിംഗ് അസിസ്റ്റന്റുമടക്കം രണ്ട് ജീവനക്കാരാണ് ഒരു ആംബുലൻസിൽ ജോലി ചെയ്യുന്നത്. മുമ്പ് 24 മണിക്കൂറായിരുന്നു ഇവരുടെ ജോലി സമയം. ഇപ്പോഴത് 12 മണിക്കൂറായി നിജപ്പെടുത്തി. നിലവിൽ ഡ്രൈവർക്ക് 565 രൂപയും നഴ്സിംഗ് അസിസ്റ്രന്റിന് 600 രൂപയുമാണ് ദിവസവേതനമായി ലഭിക്കുന്നത്. മുൻപ് ആയിരം രൂപയോളം ലഭിച്ചിരുന്നു. ഇതാണ് പ്രധാനമായും ജീവനക്കാരുടെ ജീവിതം ദുരിതത്തിലാക്കിയത്. മാത്രമല്ല ഇപ്പോൾ മൂന്ന് മാസം കൂടുമ്പോൾ ഒരു മാസത്തെ ശമ്പളം മാത്രമാണ് ലഭിക്കുന്നതെന്നും ജീവനക്കാർ പറയുന്നു.
കൊവിഡ് വ്യാപനം രൂക്ഷമായപ്പോൾ മുതൽ വിശ്രമമില്ലാത്ത ജോലിയാണ് ഇവർക്കുള്ളത്. പി.പി.ഇ കിറ്റ് അടക്കം ധരിച്ച് ജോലി ചെയ്യുന്നതിന്റെ ബുദ്ധിമുട്ട് വേറെയും. പലപ്പോഴും ആഹാരം കഴിക്കുന്നതിനുള്ള സമയംപോലും ലഭിക്കാറില്ല. ഇതിനോപ്പമാണ് സാമ്പത്തിക പ്രതിസന്ധിയും വേട്ടയാടുന്നത്. വിഷയത്തിൽ പരാതി പറഞ്ഞ് മടുത്ത ഇവരുടെ കാര്യത്തിൽ അധികൃതരും വേണ്ട ശ്രദ്ധ കാട്ടുന്നില്ല.
നടത്തിപ്പ് പാളി
സംസ്ഥാന സർക്കാരിന്റെ സമഗ്ര ട്രോമോ കെയർ പദ്ധതിയുടെ ഭാഗമായാണ് സൗജന്യ 108 ആംബുലൻസ് സർവീസ് ആരംഭിക്കുന്നത്. ദേശീയ ആരോഗ്യ ദൗത്യമായിരുന്നു (എൻ.എച്ച്.ആർ.എം) ആദ്യം മേൽനോട്ടം വഹിച്ചിരുന്നത്. ഈ സമയം ജീവനക്കാർക്ക് ഓണക്കാല ആനുകൂല്യമായി 3000 രൂപ നൽകിയിരുന്നു. 11 മാസം മുൻപ് നടത്തിപ്പ് ചമുതല തെലങ്കാന ആസ്ഥാനമായുള്ള സ്വകാര്യ ഏജൻസിക്ക് കൈമാറി. ഇതോടെയാണ് ജീവനക്കാരുടെ കഷ്ടകാലം ആരംഭിക്കുന്നത്. ഓണക്കാല ആനുകൂല്യം ലഭിച്ചില്ലെന്ന് മാത്രമല്ല ശമ്പളവും പലപ്പോഴും മുടങ്ങുന്നു. സർക്കാർ കൃത്യസമയങ്ങളിൽ ഫണ്ട് നൽകാത്തതാണ് വേതനം മുടങ്ങാൻ കാരണമെന്നാണ് കമ്പനിയുടെ വിശദീകരണം.
സമരം ചെയ്യാനും വയ്യല്ലോ?
അവശ്യ സർവീസായതിനാൽ ശമ്പളത്തിനായി സമരം ചെയ്യാൻപോലും സാധിക്കാത്ത ധർമ്മസങ്കടത്തിലാണ് ജീവനക്കാർ. അധികൃതർക്ക് പരാതി നൽകിയും കളക്ടർ ഇടപെട്ടുമാണ് പലപ്പോഴും ഇവർക്ക് ശമ്പളം ലഭിക്കുന്നത്. ഇതിനിടെ വായ്പാ തിരിച്ചടവുകളും വീട്ടിലെ ചെലവുകളുമെല്ലാം വഹിക്കാനാകാത്ത അവസ്ഥയാണ്. വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നും വേതനം മുടക്കമില്ലാതെ വിതരണം ചെയ്യാൻ തയ്യാറാകണമെന്നുമാണ് ജീവനക്കാരുടെ ആവശ്യം.
നടത്തിപ്പ് ചുമതല സ്വകാര്യ എജൻസിക്ക്
ഒരു ആംബുലൻസിൽ: 2 ജീവനക്കാർ
ശമ്പളം: ഡ്രൈവർ: 565, ടെക്നീഷ്യൻ: 600
ജോലി സമയം: 12 മണിക്കൂർ
ഓണക്കാല ആനുകൂല്യം ലഭിച്ചില്ല