തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ നാമധേയത്തിൽ കൊല്ലത്ത് ആരംഭിക്കുന്ന സംസ്ഥാനത്തെ ആദ്യ ഓപ്പൺ സർവകലാശാലയിൽ തൊഴിൽ നൈപുണ്യ, റീ- സ്കിൽ കോഴ്സുകളും വിദേശഭാഷാ പഠനവും തുടങ്ങുന്നതോടെ വൻ തൊഴിൽ സാദ്ധ്യതയാവും തുറക്കുക.
ആദ്യവർഷം ഒരു ലക്ഷത്തോളം കുട്ടികൾക്ക് പഠനാവസരമുണ്ടാകും. കേരള, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിലെ വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്കൊപ്പമാവും തൊഴിലധിഷ്ഠിത കോഴ്സുകൾ.
ചവറയിലെ തൊഴിൽ വകുപ്പ് പരിശീലന കേന്ദ്രം, കുണ്ടറയിൽ അടച്ചുപൂട്ടിയ വ്യവസായശാലയുടെ സ്ഥലം എന്നിവ പരിഗണനയിലുണ്ട്. പത്ത് ഏക്കറാണ് വേണ്ടത്.
വാടക കെട്ടിടത്തിലാവും ഒക്ടോബർ 2ന് പ്രവർത്തനമാരംഭിക്കുക. ഓർഡിനൻസിൽ ഗവർണർ ഒപ്പുവച്ചാലുടൻ സ്ഥലമെടുപ്പിന് നടപടി തുടങ്ങും. കൊല്ലം നഗരത്തിന്റെ പത്ത് കിലോമീറ്രർ പരിധിയിൽ സൗജന്യമായി ലഭിക്കുന്ന ഭൂമി കണ്ടെത്താനും ശ്രമിക്കുന്നു.
ഓപ്പൺ സർവകലാശാലയിൽ സിൻഡിക്കേറ്രുണ്ടാവും. സെനറ്റുണ്ടാവില്ല. അക്കാഡമിക് കൗൺസിലും ബോർഡ് ഒഫ് സ്റ്റഡീസുമുണ്ടാവും. ആദ്യത്തെ വൈസ്ചാൻസലർ, പ്രോ വൈസ്ചാൻസലർ, രജിസ്ട്രാർ, പരീക്ഷാ കൺട്രോളർ എന്നിവരെ സർക്കാരിന് നിയമിക്കാം.
വിദൂരവിദ്യാഭ്യാസ കോഴ്സുകൾ നടത്തുന്ന നാല് സർവകലാശാലകളിലെയും അദ്ധ്യാപകരെ രണ്ടോ മൂന്നോ ഘട്ടമായാവും ഓപ്പൺ സർവകലാശാലയിലേക്ക് മാറ്റുക. ഇതിനായി ഡെപ്യൂട്ടേഷൻ, ഓപ്ഷൻ രീതികളുപയോഗിക്കും. വിദൂര കോഴ്സുകളിൽ സ്ഥിരം അദ്ധ്യാപകർ കേരളയിൽ മാത്രമാണുള്ളത്.
തൊഴിൽ പരിശീലനം
ജോലിയുള്ളവർക്ക് പുതിയ സാങ്കേതികവിദ്യയിൽ പരിശീലനം നൽകുന്ന റീ-സ്കില്ലിംഗ് കോഴ്സുകൾ ഓപ്പൺ സർവകലാശാലയിലുണ്ടാവും. അൽഗോരിതം ഡിസൈൻ, ഡേറ്റാ സയൻസ് എന്നിവ ചിലതാണ്. ന്യൂട്രീഷൻ, ഒപ്ടോമെട്രി തുടങ്ങിയ മെഡിക്കൽ അനുബന്ധ കോഴ്സുകളുമുണ്ടാവും. എൻജിനിയറിംഗ് ഡിപ്ലോമ കോഴ്സുകളും നടത്തും.
സയൻസ് പഠനം
സംസ്ഥാനത്ത് നിലവിൽ ആർട്സ് വിഷയങ്ങൾക്ക് പുറമേ കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ മാത്രമാണ് വിദൂരപഠനമുള്ളത്. ഓപ്പൺ സർവകലാശാലയിൽ ഇവയ്ക്കൊപ്പം കൂടുതൽ സയൻസ് കോഴ്സുകൾ തുടങ്ങും. ലാബ് അടക്കമുള്ള സൗകര്യങ്ങൾ പങ്കിടാൻ വിവിധ കോളേജുകളുമായി ധാരണാപത്രം ഒപ്പിടും.
ഭാഷാപഠനം
ഫ്രഞ്ച്, ജർമ്മൻ, ജാപ്പനീസ്, ചൈനീസ്, അറബിക്, ഇംഗ്ലീഷ് ഭാഷകൾ എഴുതാനും വായിക്കാനും സംസാരിക്കാനും പഠിപ്പിക്കുന്ന ഡിപ്ലോമാ കോഴ്സുകൾ തുടങ്ങും. ട്രാൻസ്ലേഷൻ സ്റ്റഡീസ് കേന്ദ്രവുമുണ്ടാവും. വിദേശത്ത് ഉയർന്ന ശമ്പളത്തിൽ ജോലിനേടാൻ ഭാഷാപഠനം വഴിയൊരുക്കും.
അംഗീകാരം
യു.ജി.സി അംഗീകാരമുള്ള സർവകലാശാലകളുടെ ഓപ്പൺ, വിദൂര, റഗുലർ ബിരുദങ്ങൾ എല്ലാ സർവകലാശാലകളും പരസ്പരം അംഗീകരിക്കണമെന്ന് ചട്ടമുണ്ട്. അതിനാൽ ഓപ്പൺ സർവകലാശാലയുടെ കോഴ്സുകൾക്ക് എല്ലാ സർവകലാശാലകളുടെയും അംഗീകാരം ലഭിക്കും. സർക്കാർ നിർദ്ദേശിച്ചാൽ പി.എസ്.സിയും ബിരുദം അംഗീകരിക്കും.