ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയിൽ മൗലികാവകാശ സംരക്ഷണത്തിനായുള്ള ആദ്യ കേസ്, കൂടുതൽ കാലം വാദം നടന്ന കേസ്, ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ഭരണഘടനാ ബെഞ്ച് തുടങ്ങി ചരിത്ര വിശേഷങ്ങൾ ഏറെയാണ് കേശവാനന്ദ ഭാരതി V/S സ്റ്റേറ്റ് ഒഫ് കേരള കേസിന്. മഠത്തിന്റെ സ്വത്ത് കേസിൽ താൻ തോറ്റെങ്കിലും അത് ഇന്ത്യൻ ഭരണഘടനയുടെ രക്ഷാകവചമായി വളർന്നത് സ്വാമിയെപ്പോലും അമ്പരപ്പിച്ചു.
ഭരണഘടനയെ സംരക്ഷിക്കാൻ പാർലമെന്റിന് മൂക്കുകയറിട്ട സുപ്രീംകോടതിയെ വരുതിയിലാക്കാൻ സീനിയോറിറ്റി ലംഘിച്ച് ചീഫ്ജസ്റ്റിസിനെ നിയമിച്ചതും മൂന്ന് സീനിയർ ജഡ്ജിമാർ രാജിവച്ചതും ഈ വിധിയുടെ തുടർച്ചയായിരുന്നു. പിന്നീട് അടിയന്തരാവസ്ഥയിൽ വിധി അട്ടിമറിക്കാൻ നടന്ന ശ്രമം പരാജയപ്പെട്ടതും ചരിത്രം.
ബാങ്ക് ദേശസാൽക്കരണം, പ്രിവിപഴ്സ് നിരോധനം കേസുകളിൽ അനുകൂല വിധിക്കായി ഇന്ദിരാഗാന്ധി സർക്കാർ ഭരണഘടനയുടെ അടിസ്ഥാനഘടന തന്നെ മാറ്റാൻ പാർലമെന്റിന് വിപുലമായ അധികാരങ്ങൾ നൽകും വിധം വിവിധ വകുപ്പുകൾ ഭേദഗതി ചെയ്ത സമയമായിരുന്നു അത്. കേശവാനന്ദ ഭാരതിയുടെ അഭിഭാഷകൻ നാനി പാൽക്കിവാല, ഇന്ദിരാഗാന്ധിയുടെ ഭേദഗതികൾ ചോദ്യം ചെയ്യാനുള്ള അവസരമായി കേസിനെ കണ്ടു.
ഭരണഘടന ഭേദഗതിചെയ്യാൻ പാർലമെന്റിന് അധികാരമില്ലെന്ന് പതിനൊന്നംഗ ബെഞ്ച് വിധിച്ച ഗൊലക്നാഥ് കേസിന്റെ പുനഃപരിശോധന കൂടിയാണ് പതിമൂന്നംഗ ബെഞ്ച് നടത്തിയത്.
ഇന്ദിരാഗാന്ധിയുടെ തിരിച്ചടി
ഭരണഘനയുടെ അടിസ്ഥാന ഘടന മാറ്റരുതെന്ന വിധി ഇന്ദിരാഗാന്ധിയെ പ്രകോപിപ്പിച്ചു. വിധിയുടെ പിറ്റേന്ന്, 1973 ഏപ്രിൽ 25ന് ചീഫ് ജസ്റ്റിസ് എസ്. എം. സിക്രി വിരമിച്ചു. 13 അംഗ ബെഞ്ചിൽ വിധിയോട് വിയോജിച്ച ആറ് ജഡ്ജിമാരിൽ ഒരാളായ എ. എൻ. റേയെ വിധിയെ അനുകൂലിച്ച മൂന്ന് സീനിയർ ജഡ്ജിമാരുടെ തലയ്ക്കു മുകളിലൂടെ 1973 ഏപ്രിൽ 26ന് ചീഫ് ജസ്റ്റിസായി ഇന്ദിരാഗാന്ധി നിയമിച്ചു. ഏറ്റവും മുതിർന്ന ജഡ്ജിയെ ചീഫ് ജസ്റ്റിസാക്കുന്ന കീഴ്വഴക്കം ചരിത്രത്തിലാദ്യമായി ലംഘിച്ചു. പ്രതിഷേധിച്ച് ജസ്റ്റിസ്മാരായ ജെ. എം. ഷെലാത്ത്, എ. എൻ. ഗ്രോവർ, കെ. എസ്. ഹെഗ്ഡെ എന്നിവർ രാജിവച്ചു.
1975 ജൂണിൽ അടിയന്തരാവസ്ഥയായി. അതിനിടെ വിധി പുനഃപരിശോധിക്കാൻ അറ്റോർണി ജനറൽ കോടതിയെ സമീപിച്ചു. ചീഫ് ജസ്റ്റിസ് എ. എൻ. റേ വിധി പുനപരിശോധിക്കാൻ 13 അംഗ ബെഞ്ചും രൂപീകരിച്ചു. കടുത്ത ആക്ഷേപങ്ങളും സമ്മർദ്ദങ്ങളും കാരണം 1975 നവംബർ 12ന് ആ ബെഞ്ച് പിരിച്ചുവിടാൻ അദ്ദേഹം നിർബന്ധിതനായി.