കാസർകോട്: ഭരണഘടനയുടെ അടിസ്ഥാന ഘടന മാറ്റാൻ പാർലമെന്റിന് അധികാരമില്ലെന്ന സുപ്രീംകോടതിയുടെ ഐതിഹാസിക വിധിക്ക് ആധാരമായ കേശവാനന്ദ ഭാരതി കേസിലെ നായകനും ആദിശങ്കര ശിഷ്യ പരമ്പരയിലെ സന്യാസിയും കാസർകോട് എടനീർ മഠാധിപതിയുമായ കേശവാനന്ദ ഭാരതി സ്വാമിജി സമാധിയായി. എൺപത് വയസായിരുന്നു.
മഠത്തിൽ ഇന്നലെ പുലർച്ചെ ഒരുമണിയോടെ ആയിരുന്നു അന്ത്യം. ഹൃദ്രോഗവും ശ്വാസംമുട്ടലും അലട്ടിയിരുന്നു.
ആദിശങ്കരന്റെ നാല് ശിഷ്യരിൽ തോടകാചാര്യന്റെ പരമ്പരയിലെ മഠമാണ് എടനീരിലേത് (ശ്രീശങ്കരാചാര്യ തോടകാചാര്യ സൻസ്ഥാൻ).
1940 ഡിസംബർ 9നാണ് കേശവാനന്ദ ഭാരതിയുടെ ജനനം. പിതാവ് മഞ്ചത്തായ ശ്രീധര ഭട്ട്. മാതാവ് പദ്മാവതി അമ്മ. പത്തൊൻപതാം വയസിൽ സന്യാസം സ്വീകരിച്ചു. 1960 നവംബർ 14ന് മഠാധിപതിയായി. അച്ഛന്റെ ജ്യേഷ്ഠനും മഠാധിപതിയുമായിരുന്ന ഈശ്വരാനന്ദ ഭാരതി സ്വാമിയാണ് ഗുരു. അദ്ദേഹത്തിന്റെ സമാധിക്ക് രണ്ടുദിവസം മുമ്പായിരുന്നു സ്ഥാനാരോഹണം. അറുപത് വർഷം മുടങ്ങാതെ ചാതുർമാസ്യ വ്രതം ( നാല് മാസത്തെ വ്രതം ) അനുഷ്ഠിച്ചിട്ടുണ്ട്.ആറു ഭാഷകളിൽ പ്രാവീണ്യം നേടിയിരുന്നു.
ഇന്നലെ വൈകിട്ട ആറിന് സമാധിയിരുത്തൽ നടന്നു. ദത്തുപുത്രൻ ജയറാം പിൻഗാമിയാകും. കീഴ്വഴക്കം അനുസരിച്ച് സഹോദരപുത്രനാണ് അടുത്ത മഠാധിപതി. സ്വാമിക്ക് സഹോദരനില്ല. ബന്ധുവായ സാവിത്രിയുടെ മകൻ ജയറാമിനെ ദത്തെടുക്കുകയായിരുന്നു. പ്രാർത്ഥിസുബ്ബ യക്ഷഗാന കലാകേന്ദ്രം പ്രസിഡന്റാണ് ജയറാം. മഠത്തിന് കീഴിൽ വിദ്യാലയങ്ങളും കലാ ട്രൂപ്പും ഉണ്ട്.
ശാസ്ത്രീയ സംഗീതജ്ഞനായിരുന്ന കേശവാനന്ദ ഭാരതി പതിനഞ്ച് വർഷത്തോളം യക്ഷഗാനമേള ട്രൂപ്പ് നടത്തി.എല്ലാവർഷവും യക്ഷഗാന സപ്താഹവും നടത്തിയിരുന്നു.
'ഭരണഘടനയുടെ രക്ഷകൻ'
ഭൂപരിഷ്കരണ നിയമപ്രകാരം മഠത്തിന്റെ സ്വത്തുക്കൾ ഏറ്റെടുക്കാനുള്ള സർക്കാർ നീക്കം ഭരണഘടനയിലെ മൗലികാവകാശമായ സ്വത്തവകാശത്തിന്റെ ലംഘനമാണെന്ന് കാട്ടി സ്വാമിജി 1970ലാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.കേസിൽ തോറ്റെങ്കിലും ഉന്നയിച്ച സുപ്രധാനവാദം ഭരണഘടന ഭേദഗതി ചെയ്യാൻ പാർലമെന്റിനുള്ള അധികാരം അനിയന്ത്രിതവും പരിധികളില്ലാത്തതുമാണോ എന്നതായിരുന്നു. തുടർന്ന് പതിമൂന്നംഗ ബെഞ്ച് രൂപീകരിക്കുകയും അടിസ്ഥാന ഘടന മാറ്റാൻ പാർലമെന്റിന് അധികാരമില്ലെന്ന് ഭൂരിപക്ഷ വിധി വരുകയുംചെയ്തു.