ഒറ്റപ്പാലം: ചെർപ്പുളശേരി - ഒറ്റപ്പാലം റോഡ് നവീകരണത്തിന്റെ ഭാഗമായി റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന സർവേയിൽ 407 സ്ഥലങ്ങളിൽ കൈയേറ്റം കണ്ടെത്തി. ഒറ്റപ്പാലം, അനങ്ങനടി, തൃക്കടീരി, ചെർപ്പുളശേരി വില്ലേജ് പരിധിയിലാണ് വ്യാപക കൈയേറ്റം.
ഒറ്റപ്പാലം, അനങ്ങനടി വില്ലേജുകളിൽ മാത്രം 272 കൈയേറ്റമുണ്ട്. തൃക്കടീരി ഒന്ന്- 63, തൃക്കടീരി രണ്ട്- 27, ചെർപ്പുളശേരി- 45 എന്നിങ്ങനെയാണ് മറ്റ് വില്ലേജ് പരിധികളിലെ കൈയേറ്റം. പലയിടങ്ങളിലും രണ്ടുമീറ്റർ മുതൽ അഞ്ചുസെന്റ് കൈയേറി മതിൽ കെട്ടിയിട്ടുണ്ട്. റവന്യൂ വകുപ്പ് സർവേ പൂർത്തിയാക്കി റിപ്പോർട്ട് ഭൂരേഖ തഹസിൽദാർക്ക് സമർപ്പിച്ചു. സ്ഥലമേറ്റെടുക്കൽ നടപടി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി റോഡ് നവീകരണത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് പൊതുമരാമത്ത് വകുപ്പ്.
ഭൂമി എറ്റെടുത്താൽ ഉടൻ നവീകരണം
അനങ്ങനടി മുതൽ ചെർപ്പുളശേരി വരെ 135 പേരാണ് സ്ഥലം കൈയേറിയത്. ഭൂമി കൈയേറിയവരുടെ വാദം കേൾക്കൽ പൂർത്തിയാക്കി ഏഴിനകം കൈയേറ്റം ഒഴിയണമെന്ന് നോട്ടീസ് നൽകിയിരുന്നു. ഒഴിഞ്ഞുപോകാത്ത പക്ഷം റവന്യു- പൊതുമരാമത്ത് വകുപ്പ് ചേർന്ന് ഭൂമി തിരിച്ചുപിടിക്കും. ഒറ്റപ്പാലം മുതൽ അനങ്ങനടിവരെയുള്ള 272 കൈയേറ്റങ്ങളിൽ ഉടൻ വാദം കേൾക്കും. തുടർന്ന് ഭൂമി തിരിച്ചുപിടിച്ച ശേഷമാകും നവീകരണം.
നവീകരണത്തിന് 83 കോടി
രണ്ട് പദ്ധതികളിലായി കിഫ്ബിയിൽ നിന്ന് 83 കോടി ചെലവഴിച്ചാണ് 17 കി.മീ. റോഡ് നവീകരിക്കുക. തൃക്കടീരി മുതൽ ചെർപ്പുളശേരി വരെയുള്ള ആറു കി.മീ. നവീകരണത്തിനുള്ള കരാർ പൂർത്തിയായി. ഒറ്റപ്പാലം മുതൽ തൃക്കടീരി വരെയുള്ള കരാർ നടപടി ഉടനാരംഭിക്കും. അഴുക്കുചാലുൾപ്പെടെ നിർമ്മിച്ചാണ് റോഡ് റബറൈസ് ചെയ്യുന്നത്.