ബസ് ഓൺഡിമാൻഡിനും ആവശ്യക്കാരേറുന്നു
പോയിന്റ് ഡ്യൂട്ടിക്ക് ആലപ്പുഴയിൽ തുടക്കം
ആലപ്പുഴ: യാത്രക്കാർക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിനായി ആവിഷ്ക്കരിച്ച പോയിന്റ് ഡ്യൂട്ടി സംവിധാനത്തിന് സെൻട്രൽ സോണിൽ തുടക്കമായി. ആലപ്പുഴ ഡിപ്പോയിൽ നിന്ന് 15 ഇടങ്ങളിലാണ് പോയിന്റ് ഡ്യൂട്ടിക്കായി ജീവനക്കാരെ നിയോഗിച്ചത്. കോർപ്പറേഷന്റെ വരുമാനക്കുറവിനും, ജീവനക്കാർ ഒപ്പിട്ട ശേഷം ഡ്യൂട്ടിയില്ലാതിരിക്കുന്ന സ്ഥിതിക്കും ഒരു പരിധി വരെ പരിഹാരമാകാൻ പോയിന്റ് ഡ്യൂട്ടി സംവിധാനത്തിന് സാധിക്കുമെന്നാണ് കണക്കു കൂട്ടൽ. സർവീസുകൾ വെട്ടിച്ചുരുക്കിയതിനാൽ ഡിപ്പോയിലെത്തി ഒപ്പിട്ട ശേഷം ജോലിചെയ്യാൻ അവസരമില്ലാതിരിക്കുന്ന ജീവനക്കാരെ തന്നെയാണ് ഇൻസ്പെക്ടർമാരായി നിയോഗിക്കുന്നത്. ജീവനക്കാരെ എതെങ്കിലും പ്രധാന ജംഗ്ഷനിൽ നിയോഗിക്കുമ്പോൾ അത് വഴി കടന്ന് പോകുന്ന ബസുകളുടെ നമ്പർ, റൂട്ട്, സമയം, എന്നിവ എഴുതിയെടുക്കണം.
യാത്രക്കാരുടെ അനുകൂല പ്രതികരണം ലഭിക്കാത്തിനെത്തുടർന്ന് ഉപേക്ഷിക്കുമായിരുന്ന ബസ് ഓൺ ഡിമാൻഡ് പദ്ധതി കാമ്പയിനോടെ തിരിച്ചുവരുന്നു. പ്രചാരണത്തിന് യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കാമ്പയിന്റെ ആദ്യ ദിനത്തിൽ തന്നെ നൂറോളം പേർ രജിസ്ട്രേഷന് തയാറായി. കെ.എസ്.ആർ.ടി .സി ജീവനക്കാർ ചേർന്ന് സ്റ്റാൻഡുകളിലും, ബസുകളിലുമാണ് പദ്ധതിയെക്കുറിച്ച് കാമ്പയിൻ നടത്തിയത്.
ബസ് ഓൺ ഡിമാൻഡ്
യാത്രക്കാർ മുൻകൂട്ടി അറിയിക്കുന്നതനുസരിച്ച് ബസ് ഓടിക്കുന്ന സംവിധാനമാണ് ബസ് ഓൺ ഡിമാൻഡ്. യാത്രക്കാരുടെ പട്ടിക തയാറാക്കിയാണ് ഷെഡ്യൂളുകൾ നിശ്ചയിക്കുക. രജിസ്റ്റർ ചെയ്യുന്ന സ്ഥലത്ത് യാത്രക്കാർക്ക് ഇറങ്ങാൻ സാധിക്കും. രജിസ്റ്റർ ചയെയ്ത യാത്രക്കാരുടെ സ്വകാര്യ വാഹനങ്ങൾ ഡിപ്പോയിൽ സൗജന്യമായി പാർക്ക് ചെയ്യാനും സൗകര്യമുണ്ടാകും.
....................
15 : ആലപ്പുഴ ഡിപ്പോയ്ക്ക് കീഴിൽ 15 ഇടങ്ങളിൽ പോിന്റ് ഡ്യൂട്ടി ആരംഭിച്ചു
''യാത്രക്കാരുടെ സൗകര്യാർത്ഥമുള്ള പരിഷ്കാരങ്ങളാണ് ഏർപ്പെടുത്തുന്നത്. മഹാമാരി കാലത്ത് പൊതുവേ യാത്രക്കാരുടെ എണ്ണം കുറവാണെങ്കിലും, ബസ് ഓൺ ഡിമാൻഡ് പദ്ധതിയിൽ ചേരാൻ നിരവധി സ്ഥിരം യാത്രക്കാർ തയാറാവുന്നുണ്ട്
.- കെ.എസ്.ആർ.ടി.സി അധികൃതർ