തിരുവനന്തപുരം: അൺലോക്കിന്റെ പശ്ചാത്തലത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംസ്ഥാനത്ത് ബാറുകൾ തുറന്നു പ്രവർത്തിക്കുന്നതിന്റെ സാദ്ധ്യതയെപ്പറ്റി സർക്കാർ പരിശോധന തുടങ്ങി.
ബാറുകളും ബിയർ പാർലറുകളും തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് കാണിച്ച് എക്സൈസ് കമ്മിഷണർ എക്സൈസ് മന്ത്രിയോട് ശുപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ചില സംസ്ഥാനങ്ങളിൽ ബാറുകൾ തുറന്നിട്ടുണ്ടെന്നും അവിടെ എങ്ങനെയൊക്കെയാണ് കാര്യങ്ങൾ നടക്കുന്നതെന്നും പരിശോധിച്ച് വരികയാണെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് എങ്ങനെ ബാറുകൾ പ്രവർത്തിപ്പിക്കാനാകുമെന്ന് ഉദ്യോഗസ്ഥതലത്തിൽ ആലോചിക്കേണ്ടതുണ്ട്. അതിനുശേഷമേ അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്ന് മന്ത്രി കേരളകൗമുദിയോട് വ്യക്തമാക്കി.
പഞ്ചാബ്, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ബാറുകൾ തുറന്ന സാഹചര്യത്തിൽ കൊവിഡ് പ്രേട്ടോക്കാേൾ പാലിച്ച് ഇവിടെയും പ്രവർത്തിക്കാൻ അനുവദിക്കണമെന്നാണ് എക്സൈസ് കമ്മിഷണർ ശുപാർശ ചെയ്തിരുന്നത്. ഒരു മേശയ്ക്ക് രണ്ട് പേരെന്ന നിലയിൽ ബാറുകളിൽ സീറ്റുകൾ ക്രമീകരിക്കണം. ഇപ്പോൾ നടക്കുന്ന പാഴ്സൽ വില്പന നിറുത്തണം. ഇതിലൂടെ ബിവറേജസ് കോർപറേഷന് ഉണ്ടാകുന്ന നഷ്ടം പരിഹരിക്കാനാകുമെന്നും ശുപാർശയിലുണ്ട്.
കമ്മിഷണറുടെ ശുപാർശ മന്ത്രി ടി.പി.രാമകൃഷ്ണൻ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. അതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്.
ബാർ തുറക്കാൻ അനുവദിക്കണമെന്ന് ബാറുടമകളും സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു.
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും അനുകൂല നിലപാട് എടുത്തതായാണ് അറിയുന്നത്. ബാറുകളിൽ പ്രത്യേക കൗണ്ടറുകൾ വഴിയുള്ള പാഴ്സലുകൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. സംസ്ഥാനത്ത് 596 ബാറുകളും 350 ബിയർ വൈൻ പാർലറുകളുമാണുള്ളത്.