പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ ഉടമകളായ തോമസ് ഡാനിയേൽ, ഭാര്യ പ്രഭാ ഡാനിയേൽ, മക്കളായ റിനു മറിയം തോമസ്, റിയ ആൻ. തോമസ് എന്നിവരെ പൊലീസ് വകയാറിലെ കുടുംബ വീട്ടിലെത്തിച്ച് ഇന്നലെ തെളിവെടുത്തു. വിവരമറിഞ്ഞ് രാവിലെ മുതൽ നിക്ഷേപകർ കാത്തുനിൽപ്പുണ്ടായിരുന്നു. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിരുന്നു.
പ്രതികളെ എത്തിച്ചപ്പോൾ ബഹളമുണ്ടാക്കിയ നിക്ഷേപകരെ പൊലീസ് അനുനയിപ്പിച്ചു. സ്ഥലത്തെത്തിയ ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമണിനോട് നിക്ഷേപകർ പരാതിപ്പെട്ടു. തിങ്കളാഴ്ചയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ ലഭിച്ചത്. ആസൂത്രിതമായ തട്ടിപ്പാണ് നടന്നതെന്ന് വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 2000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക വിലയിരുത്തൽ.