നേഷൻസ് ലീഗ്: ഇറ്റലി ഹോളണ്ടിനെ തോൽപ്പിച്ചു (1-0)
നോർവെ 5-1ന് വടക്കൻ അയർലൻഡിനെ കീഴടക്കി
ആസ്റ്റർഡാം: നേഷൻസ് ലീഗിൽ കരുത്തരുടെ പോരാട്ടത്തിൽ ഇറ്റലി ഏകപക്ഷീയമായ ഒരു ഗോളിന് ഹോളണ്ടിനെ കീഴടക്കി. മറ്രൊരു മത്സരത്തിൽ നോർവെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് വടക്കൻ അയർലൻഡിനെ വീഴ്ത്തി വമ്പൻ ജയം സ്വന്തമാക്കി. ലീഗ് എ ഗ്രൂപ്പ് 1ൽ നടന്ന മത്സരത്തിൽ നിലവിലെ റണ്ണറപ്പായ ഹോളണ്ടിനെ നിക്കോള ബരെല്ല നേടിയ ഗോളിലാണ് ഇറ്രിലി വീഴ്ത്തിയത്. ഒന്നാം പകുതിയുടെ അധിക സമയത്ത് തകർപ്പൻ ഹെഡ്ഡറിലൂടെയാണ് ബരെല്ല ഹോളണ്ടിന്റെ വലകുലുക്കി ഇറ്റലിയുടെ ജയമുറപ്പിച്ചത്. സിറോ ഇമ്മൊബീൽ അളന്നു കുറിച്ച് നൽകിയ തകർപ്പൻ ക്രോസാണ് അതിമനോഹരമായ ഹെഡ്ഡറിലൂടെ ബരെല്ല വലയിലേക്ക് തിരിച്ചു വിട്ടത്.
കഴിഞ്ഞ മത്സരത്തിൽ ബോസ്നിയക്കെതിരെ സമനിലയിൽ കുരുങ്ങിയ ഇറ്റലിയുടെ ടൂർണമെന്റിലെ ആദ്യ ജയമാണിത്. കഴിഞ്ഞ മത്സരത്തിൽ പോളണ്ടിനെ 1-0ത്തിന് കീഴടക്കിയ ഹോളണ്ടിന് പക്ഷേ ഇറ്രലിയുടെ വലകുലുക്കാൻ കഴിയാതെ പോവുകയായിരുന്നു. മൂന്ന് ഷോട്ടുകൾ മാത്രമേ ഓറഞ്ച് പടയ്ക്ക് ടാർജറ്രിലേക്ക് തൊടുക്കാൻ കഴിഞ്ഞുള്ളൂ. മുന്നേറ്ര താരം ഡിപെയെ ഇറ്റാലിയൻ പ്രതിരോധ നിര സമർത്ഥമായി തളച്ചതും അവർക്ക് തിരിച്ചടിയായി.
ഗ്രൂപ്പിലെ മറ്രൊരു മത്സരത്തിൽ പോളണ്ട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബോസ്നിയയെ കീഴടക്കി. ഗിലിക്കും ഗ്രോസിക്കിയുമാണ് പോളണ്ടിനായി ലക്ഷ്യം കണ്ടത്.
ലീഗ് ബി ഗ്രൂപ്പ് 1ൽ നോർവെ വടക്കൻ അയർലൻഡിനെ ഗോൾ മഴയിൽ മുക്കുകയായിരുന്നു. സൂപ്പർതാരം എർലിംഗ് ഹാളണ്ട്, അലക്സാണ്ടർ സൊർലോത്ത് എന്നിവർ നോർവേയ്ക്കായി രണ്ട് ഗോൾ വീതം നേടി. മൊഹമ്മദ് എല്യൂനൗസി ഒരു ഗോളും നേടി. പാഡി മക്നെയറാണ് വടക്കൻ അയർലൻഡിന്റെ ആശ്വാസ ഗോൾ നേടിയത്. രണ്ടാം മിനിട്ടിൽ എല്യൂനൗസിയുടെ ഗോളിലാണ് നോർവെ ലീഡെടുത്തത്.
ആറാം മിനിറ്റിൽ മക്നയെർ ഗോൾ മടക്കി. എന്നാൽ തൊട്ടടുത്ത നിമിഷം ഹാളണ്ട് നോർവെയെ മുന്നിലെത്തിക്കുകയായിരുന്നു. തുടർന്ന് കളിമറന്ന വടക്കൻ അയർലൻഡിന്റെ വലയിൽ 19, 47 മിനിട്ടുകളിൽ സൊർലോത്തും 58-ാം മിനിട്ടിൽ ഹാളണ്ടും പന്തെത്തിച്ചതോടെ ആദ്യ മത്സരത്തിൽ ആസ്ട്രിയയോട് തോറ്രതിന്റെ സങ്കടം മറന്ന് നോർവേ തകർപ്പൻ ജയം ആഘോഷിക്കുകയായിരുന്നു. വടക്കൻ അയർലൻഡ് ആദ്യ മത്സരത്തിൽ റുമാനിയയോട് 1-1ന് സമനിലയിൽ പിരിഞ്ഞിരുന്നു. ഗ്രൂപ്പ് ബിയിൽ മറ്ര് മത്സരങ്ങളിൽ റുമാനിയ 3-2ന് ആട്രിയയെയും സ്കോട്ട്ലൻഡ് 2-1ന് ചെക്ക് റിപ്പബ്ലിക്കിനെയും പരാജയപ്പെടുത്തി. സ്ലൊവാക്യയും ഇസ്രായേലും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. ഗ്രൂപ്പ് സിയിൽ ബെലാറസ് 2-1ന് കസഖിസ്ഥാനെയും ലിത്വാനിയ 1-0ത്തിന് അൽബേനിയയെയും വീഴ്ത്തി.