ചിറ്റൂർ: പെരുവെമ്പ് മടിയപ്പാടം പാടശേഖരത്തിലെ കർഷകനായ പ്രഭാകരന് പുതിയ നെല്ലിനങ്ങളുടെ പരീക്ഷണം എന്നുമൊരു ഹരമാണ്. ജില്ലയിൽ നെൽകൃഷി വളരെ ശാസ്ത്രീയമായി ചെയ്യുന്ന മാതൃക കർഷകനാണ് അദ്ദേഹം. പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രം വികസിപ്പിച്ച പുതിയ ഇനമായ അക്ഷയയിലൂടെ ഭക്ഷ്യസുരക്ഷ തേടാൻ രംഗത്തിറങ്ങിയിരിക്കുകയാണ് 73 കാരനായ പ്രഭാകരൻ.
1963ൽ പിതാവിനൊപ്പം കാർഷിക രംഗത്ത് ഇറങ്ങിയതാണ്. 15 ഏക്കറിലും രണ്ടുകുളങ്ങളിലുമായാണ് കൃഷി. പൂർണ്ണമായും യന്ത്രവൽകൃത കൃഷിയാണ്. എട്ട് തൊഴിലാളികളെ ഇതിനായി പരിശീലിപ്പിച്ചു. പൊന്മണി, സി.ആർ-1009 സിഗപ്പി തുടങ്ങി ഐ.ആർ എട്ടുവരെ പെരുവമ്പിൽ ആദ്യം കൃഷി ചെയ്തത് പ്രഭാകരനാണ്.
അക്ഷയ പരീക്ഷണം
അക്ഷയ എന്ന അത്യുല്പാദന ശേഷിയുള്ള ഇനം കിഴക്കൻ മേഖലയിൽ ആദ്യമായാണ് കൃഷി ചെയ്യുന്നത്. കൃഷി ഓഫീസർ ടി.ടി.അരുൺ പട്ടാമ്പിയിൽ നിന്നെത്തിച്ച പത്തുകിലോ ബ്രീഡർ സീഡ് കരുതലോടെ ഉപയോഗിച്ചാണ് കൃഷി. 48- 50 വരെ ചിനപ്പുണ്ടായിരുന്ന അക്ഷയ ആദ്യ 80 ദിവസം വരെ പൊക്കംകുറഞ്ഞ ഇനമായി തോന്നിയെങ്കിലും മഴ പെയ്തപ്പോൾ 1.25 മീറ്റർ വരെ വലുതായി. ഓരോ ചിനപ്പിലും കതിരും ഓരോ മണിയും നിറഞ്ഞിട്ടുണ്ട്. ഓലകരിയലും കീടബാധയും കുറവാണ്. നല്ല വയ്ക്കോൽ ഉള്ളതിനാൽ രണ്ടാം വിളയ്ക്കും ഗുണം ചെയ്യും.
മഹാമായയും സിഗപ്പിയും
50 സെന്റിൽ മഹാമായയും 30 സെന്റിൽ സിഗപ്പിയും 50 സെന്റിൽ എ.എസ്.ഡിയും ബാക്കി ആന്ധ്ര ജയയും കൃഷി ചെയ്തിട്ടുണ്ട്. എ.എസ്.ഡി അഥവാ ആടുതുറൈ ഷോർട്ട് ഡ്വാർഫ് പാലക്കാട്ടുകാരുടെ ഇഷ്ട ഇനമാണ്.
മത്സ്യകൃഷിയും
രണ്ടു കുളങ്ങളിൽ മത്സ്യകൃഷിയും ചെയ്യുന്നുണ്ട്. കൊവിഡ് കാലത്ത് ആന്ധ്രയിൽനിന്നും രണ്ടുലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ കൊണ്ടുവന്ന് കുളങ്ങളിൽ നിക്ഷേപിക്കുകയും മറ്റു കർഷകർക്ക് നല്കുകയും ചെയ്തു.