കോട്ടയം: വീണ്ടും എൽ ബോർഡ് വച്ച് വണ്ടി അനങ്ങിത്തുടങ്ങും. മുടങ്ങിയ ലോൺ തിരിച്ചടയ്ക്കണം, സാമ്പത്തിക പ്രതിസന്ധി മറികടക്കണം. തിങ്കളാഴ്ച മുതൽ ഡ്രൈവിംഗ് സ്കൂളുകൾ ആരംഭിക്കുമ്പോൾ പ്രതീക്ഷയിലാണ് ആശാൻമാർ. പക്ഷേ, സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് എങ്ങനെ മുന്നോട്ടു പോകുമെന്നോർക്കുമ്പോൾ ആശങ്കയ്ക്കും കുറവില്ല.
മാർച്ച് 11ന് താഴിട്ട ഡ്രൈവിംഗ് സ്കൂളുകൾക്ക് ജീവൻ വയ്ക്കുമ്പോൾ വാഹനങ്ങളുടെ അറ്റകുറ്റപ്പണി തീർക്കാനുള്ള തിരക്കിലാണ് ആശാൻമാർ. പരിശീലനം നടത്തുന്ന സ്കൂട്ടറുകൾ ഗ്രൗണ്ടുകളിൽ കാടുപിടിച്ച് കിടക്കുകയാണ്. പലതിന്റെയും ബാറ്ററി പോയി. കാറുകളുടേയും അവസ്ഥ സമാനം. പലരും വാടക കെടുക്കാൻ കഴിയാതെ ഓഫീസ് പൂട്ടി താക്കോൽ കൈമാറി. ഇനി ഓഫീസ് മുതൽ ഒന്നേയെന്ന് തുടങ്ങേണ്ടവരുമേറെ. പല ജീവനക്കാരും കൂലിപ്പണിക്ക് വരെ പോയിത്തുടങ്ങിയിരുന്നു. ദുരിതത്തിലായ ഇവരുടെ കുടുംബം പച്ചപിടിക്കുമെന്ന പ്രതീക്ഷയാണ് എല്ലാവർക്കും.
ആശങ്കയ്ക്കും കുറവില്ല
കൊവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാർ മാനദണ്ഡം അനുസരിച്ച് എങ്ങനെ മുന്നോട്ടുപോകുമെന്ന ചോദ്യമാണ് ഡ്രൈവിംഗ് സ്കൂൾ ഉടമകൾക്കുള്ളത്. പരിശീലന സമയത്ത് ഒരാൾ മാത്രമേ വാഹനത്തിലുണ്ടാകാവൂ എന്നതാണ് പ്രധാന നിബന്ധന. മുൻപ് വാഹനത്തിൽ കൂടുതൽ പേരെ കയറ്റി മാറി മാറി പരിശീലനം കൊടുക്കുകയായിരുന്നു പതിവ്. ഒരാൾ മാത്രമാകുമ്പോൾ പരിശീലനം കഴിഞ്ഞ് അയാളെ ഇറക്കിയശേഷമേ അടുത്ത ആളെ കയറ്റാനാവൂ. ഇത് സമയ നഷ്ടത്തിനും കൂടുതൽ ഇന്ധന ചെലവിനും കാരണമാകും.
ടെസ്റ്റ് വൈകും
പരിശീലനം നടത്തിയാലും നിലവിലെ സാഹചര്യത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് നടക്കാൻ മൂന്ന് മാസത്തിന് മുകളിൽ വേണം. ലോക്ക് ഡൗണിന് മുൻപ് ലേണേഴ്സ് എടുത്ത് ടെസ്റ്റിന് സജ്ജമായ 5000ഒാളം പേർ ജില്ലയിലുണ്ട്. ഇവർക്കാണ് മുൻഗണന. കൊവിഡ് മൂലം ഒരു സ്ഥലത്ത് 35 ൽ കൂടുതൽ പേർക്ക് ഒരു ദിവസം ടെസ്റ്റ് നടത്താൻ കഴിയില്ല. ടെസ്റ്റ് നീളുമെന്നതിനാൽ തിങ്കളാഴ്ച മുതൽ എത്ര പേർ പരിശീലനത്തിന് വരുമന്നതും ഇവർക്ക് ഉറപ്പില്ല.
ജില്ലയിൽ
200
ഡ്രൈവിംഗ്
സ്കൂളുകൾ
'' പ്രതീക്ഷയേക്കാൾ കൂടുതൽ ആശങ്കയാണ് ഞങ്ങൾക്ക്. പുതുതായി വാടക ചീട്ട് എടുത്ത് ഓഫീസ് തുടങ്ങണം. പരീശീലന സമയത്ത് ട്രെയിനർ അടക്കം നാലുപേരെ വാഹനത്തിൽ ഇരുത്താൻ അനുവദിക്കാതെ മുന്നോട്ടു പോകാനാവില്ല''
എ.എം. ബിന്നു , ജില്ലാസെക്രട്ടറി, ആൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ.