കേരളത്തിൽ പുതുതായി ഒരു സ്റ്റേഷൻ
കൊച്ചി: കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡിലുമായി 56 പുതിയ സി.എൻ.ജി സ്റ്റേഷനുകൾ കൂടി കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജ്യത്തിന് സമർപ്പിച്ചു. ഇതോടെ മൊത്തം സ്റ്റേഷനുകളുടെ എണ്ണം 2,300 ആയി. ആറുവർഷം മുമ്പ് ഇത് 947 ആയിരുന്നു.
അടുത്ത നാല് - അഞ്ച് വർഷത്തിനകം ഇത് 10,000ൽ എത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. 100 എൽ.എൻ.ജി സ്റ്റേഷനുകൾ കൂടി തുറക്കാൻ പദ്ധതിയുണ്ട്. നിലവിൽ 400 ജില്ലകളിലായി 62.5 ലക്ഷം സിറ്റി ഗ്യാസ് (പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് - പി.എൻ.ജി) കണക്ഷനുകളാണ് രാജ്യത്തുള്ളത്; അഞ്ചുകോടി കണക്ഷനുകളാണ് സർക്കാരിന്റെ ലക്ഷ്യം.
ശുദ്ധവും സുരക്ഷിതവുമാണെന്നതാണ് സി.എൻ.ജിയുടെ മികവ്. സിറ്റി ഗ്യാസ് വിതരണത്തിന്റെ 11-ാം ലേലത്തിലേക്ക് പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് (പി.എൻ.ജി.ആർബി) വൈകാതെ കടക്കും. ഇതോടെ അധികമായി 100 ജില്ലകൾ കൂടി ശൃംഖലയിൽ ഉൾപ്പെടുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ 10
എറണാകുളം ചക്കരപ്പറമ്പിലെ എച്ച്.പി.സി.എൽ പമ്പിലാണ് പുതുതായി സി.എൻ.ജി സ്റ്റേഷൻ ഇന്നലെ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തത്. ഇതോടെ, കേരളത്തിൽ ആകെ 10 സ്റ്റേഷനുകളായി; പത്തും കൊച്ചിയിലാണ്. ആലുവ, കളമശേരി, കുണ്ടന്നൂർ മേഖലകളിലാണിവ.