തിരുവനന്തപുരം: കേരളത്തിൽ ഓടുന്ന മൂന്ന് ട്രെയിനുകൾ ശനിയാഴ്ച മുതൽ നിറുത്തലാക്കാനുള്ള നീക്കത്തിൽ നിന്നു റെയിൽവേ പിൻമാറണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രി പീയൂഷ് ഗോയലിനും റെയിൽവേ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവിനും അടൂർ പ്രകാശ് എം.പി കത്തയച്ചു. റെയിൽവേ ബോർഡ് സൂചിപ്പിക്കുന്ന യാത്രക്കാരുടെ കുറവ് കൊവിഡ് 19 നിയന്ത്രണങ്ങൾ ഉള്ളതിനാലാണ്. നിയന്ത്രണങ്ങൾ മാറുമ്പോൾ ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന ട്രെയിനുകളായി പഴയ സ്ഥിതിയിലേക്ക് പോകുമെന്നും അടൂർ പ്രകാശ് കത്തിൽ വ്യക്തമാക്കി. നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി കാസർകോട് വരെ നീട്ടണമെന്നും അതിലൂടെ മാത്രമേ യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിക്കാൻ കഴിയുകയുള്ളൂവെന്നും കത്തിൽ ചൂണ്ടിക്കാട്ടി.