ടറൗബ: കരീബിയൻ പ്രിമിയർ ലീഗിൽ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സ് ചാമ്പ്യൻമാരായി. ഫൈനലിൽ സെന്റ് ലൂസിയ സൗക്സിനെ 8 വിക്കറ്റിന് കീഴടക്കിയാണ് ട്രിൻബാഗോ നൈറ്റ്റൈഡേഴ്സ് കിരീടത്തിൽ മുത്തമിട്ടത്. ആദ്യം ബാറ്റ് ചെയ്ത സെന്റ് ലൂസിയ 19.1 ഓവറിൽ 154 റൺസിന് ആൾഒട്ടായി. മറുപടിക്കിറങ്ങിയ നൈറ്റ്റൈഡേഴ്സ് 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 18.1 ഓവറിൽ വിജയ ലക്ഷ്യത്തിലെത്തുകയായിരുന്നു (157/2). തോൽവി അറിയാതെയാണ് നൈറ്റ്റൈഡേഴ്സ് കിരീടത്തിൽ മുത്തമിട്ടത്.
49 പന്തിൽ 8 ഫോറും 4 സിക്സും ഉൾപ്പെടെ 84 റൺസ് നേടി പുറത്താകാതെ നിന്ന ഓപ്പണർ ലെൻഡൽ സിമ്മൺസാണ് നൈറ്റ്റൈഡേഴ്സിന്റെ വിജയ ശില്പി. 6 സിക്സും 2 ഫോറും ഉൾപ്പെടെ 47 പന്തിൽ 58 റൺസ് നേടി പുറത്താകാതെ നിന്ന ഡാരൻ ബ്രോവോയും സിമ്മൺസിനൊപ്പം നൈറ്റ് റൈഡേഴ്സിന്റെ വിജയത്തിൽ ബാറ്റ്കൊണ്ട് നിർണായക സംഭാവന നൽകി. വെബ്സ്റ്റർ (5), സീഫർട്ട് (4) എന്നിവരാണ് പുറത്തായ നൈറ്റ് റൈഡേഴ്സ് താരങ്ങൾ. 39 റൺസെടുത്ത ഫ്ലെച്ചറാണ് സെന്റ് ലൂസിയയുടെ ടോപ് സ്കോറർ. ദയാൽ (29), നജീബുള്ള സദ്രാൻ (24), ചേസ് (22), എന്നിവരാണ് ഫ്ലെച്ചറെക്കൂടാതെ രണ്ടക്കം കടന്ന സെന്റ് ലൂസിയ ബാറ്റ്സ്മാൻ. 4 വിക്കറ്രെടുത്ത് കെയ്റോൺ പൊള്ളാഡാണ് സെന്റ് ലൂസിയ ഇന്നിംഗ്സിൽ ഏറെ നാശം വിതച്ചത്. ഫവാദ് അഹമ്മദും അലി ഖാനും രണ്ട് വിക്കറ്റ് വീഴ്ത്തി.
12
കളിച്ച പന്ത്രണ്ട് മത്സരങ്ങളും ഈ സീസണിൽ ജയിച്ചാണ്
ട്രിൻബാഗോ നൈറ്റ് റൈഡേഴ്സ് ചാമ്പ്യൻമാരായത്.
സി.പി.എല്ലിൽ ഒരു മത്സരവും തോൽക്കാതെ കിരീടം നേടുന്ന
ആദ്യ ടീമാണ് നൈറ്റ്റൈഡേഴ്സ്
3
നാല് സീസണിനിടെ നൈറ്റ് റൈഡേഴ്സിന്റെ മൂന്നാം കിരീട നേട്ടം.