കൊച്ചി: യുവ ഗോൾ കീപ്പർ പ്രഭ്സുഖാൻ സിംഗ് ഗിൽ ഐ.എസ്.എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്സുമായി കരാറിൽ ഒപ്പുവച്ചു. ബംഗളൂരു എഫ്.സിയിൽ നിന്ന് രണ്ട് വർഷത്തെ കരാറിലാണ് പ്രഭ്സുഖാൻ ബ്ലാസ്റ്റേഴ്സിൽ എത്തിയത്. പഞ്ചാബിലെ ലുധിയാനയിൽ ജനിച്ച 19 കാരനായ ഗിൽ, 2014 ൽ ചണ്ഡിഗഡ് ഫുട്ബോൾ അക്കാഡമിയിലൂടെയാണ് ഫുട്ബാളിലേക്കെത്തുന്നത്. 2017ൽ ഇന്ത്യയിൽ നടന്ന ഫിഫ അണ്ടർ17 ലോകകപ്പിലേക്ക് തയ്യാറെടുക്കുന്ന എ.ഐ.എഫ്.എഫ് എലൈറ്റ് അക്കാഡമിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് അവിടെ അദ്ദേഹം രണ്ട് വർഷം പരിശീലനം നേടി. തുടർന്ന് ഇന്ത്യൻ ആരോസുമായി കരാറിലെത്തിയ അദ്ദേഹം ഐ ലീഗിൽ രണ്ട് സീസണുകളിലായി 30 ലധികം മത്സരങ്ങളിൽ ക്ലബിനായി കളത്തിലിറങ്ങി. 2019 ലെ ഹീറോ സൂപ്പർ കപ്പ് യോഗ്യതാ മത്സരത്തിലെ മിന്നുന്ന പ്രകടനത്തിലൂടെ 184 സെന്റിമീറ്റർ ഉയരമുള്ള ഈ യു ഗോൾകീപ്പർ കെ.ബി.എഫ്.സി ടാലന്റ് ഹണ്ട് ടീമിന്റെ ശ്രദ്ധ പിടിച്ചുപറ്റി. .
ക്ലബ് മാനേജുമെന്റ് വളരെ ആത്മാർത്ഥമായാണ് എന്റെയും ടീമിന്റെയും ഭാവി പരിപാടികൾ വിശദീകരിച്ചത്. ഏറ്റവും മികച്ച പിന്തുണ നൽകുന്ന ആരാധകർക്ക് മുന്നിൽ കളിക്കാനുള്ള പ്രലോഭനമാണ് എന്നെ കേരള ബ്ലാസ്റ്റേഴ്സിലെത്തിച്ചത്. പ്രഭ്സുഖാൻ ഗിൽ.
ഈ പ്രായത്തിൽ തന്നെ വളരെ പക്വതയുള്ളവനും ആത്മവിശ്വാസമുള്ളതുമായ ഗോൾകീപ്പറാണ് പ്രഭ്സുഖാൻ. കൈയും കാലും കൊണ്ട് ഒരേപോലെ പന്ത് തടയാൻ സാധിക്കുന്ന ഇന്ത്യയിലെ ചുരുക്കം ചില ഗോൾകീപ്പർമാരിൽ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വരവ് യുവ പ്രതിഭകളിലുള്ള നമ്മുടെ വിശ്വാസത്തെയും അവരുടെ വളർച്ചയിലും വികാസത്തിലുമുള്ള നമ്മുടെ ശ്രദ്ധയെ ശക്തിപ്പെടുത്തുന്നു.
ഇഷ്ഫാക്ക് അഹമ്മദ്
കേരള ബ്ലാസ്റ്റേഴ്സ് അസിസ്റ്റന്റ് കോച്ച്