പാലക്കാട്: ജില്ലയിൽ ഒന്നാംവിള കൊയ്ത്താരംഭിച്ചിട്ടും നെല്ല് സംഭരണം സംബന്ധിച്ച് തീരുമാനം വൈകുന്നത് കർഷകരെ ആശങ്കയിലാക്കുന്നു. നെല്ലളന്ന് മില്ലുകളിൽ എത്തിക്കാനുള്ള കൈകാര്യ ചെലവ് വർദ്ധിപ്പിക്കണമെന്ന ആവശ്യത്തിൽ മില്ലുടമകളും സപ്ലൈകോയും തമ്മിൽ തർക്കം നിലനിൽക്കുന്നതാണ് അനിശ്ചിതാവസ്ഥയ്ക്ക് കാരണം.
കണ്ണമ്പ്ര, ആയക്കാട്, പുതുക്കോട്, പഴമ്പാലക്കോട്, വടക്കഞ്ചേരി, കാവശേരി, ആലത്തൂർ മേഖലകളിൽ കൊയ്ത്ത് പുരോഗമിക്കുകയാണ്. കൊവിഡ് പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ നിന്നുള്ള യന്ത്രങ്ങളുടെ വരവ് സംബന്ധിച്ച പ്രശ്നം സർക്കാർ ഇടപെട്ട് പരിഹരിച്ചതോടെയാണ് പലയിടത്തും കൊയ്ത്താരംഭിച്ചത്. അടുത്തയാഴ്ചയോടെ ആലത്തൂർ താലൂക്കിലെ മിക്ക പ്രദേശങ്ങളിലും കൊയ്ത്ത് സജീവമാകും. ഒന്നാംവിളയ്ക്ക് മൂപ്പ് കുറഞ്ഞ വിത്താണ് കർഷകർ ഉപയോഗിച്ചിട്ടുള്ളത്.
കൊയ്തെടുത്ത നെല്ല് മഴ കൊള്ളാതെ സൂക്ഷിക്കാനാകാതെ ഇടത്തരം കർഷകർ പ്രതിസന്ധിയിലാണ്. കഴിഞ്ഞ രണ്ടുദിവസമായി ജില്ലയിൽ പരക്കെ മഴ ലഭിക്കുന്നുണ്ട്. മഴ നനഞ്ഞ് നെല്ല് മുളയ്ക്കാനുള്ള സാദ്ധ്യത കൂടുതലാണ്. മാത്രമല്ല, നനവുള്ള നെല്ല് സപ്ലൈക്കോ സംഭരിക്കില്ലെന്നതും തിരിച്ചടിയാണ്. ഇനിയും സംഭരണം വൈകിപ്പിച്ചാൽ കിട്ടിയ വിലയ്ക്ക് സ്വകാര്യ മില്ലുകാർക്ക് വിൽക്കേണ്ടി വരും.
സർക്കാർ നീക്കം മില്ലുടമകളെ സഹായിക്കാൻ
സ്വകാര്യ മില്ലുടമകളെ സഹായിക്കാൻ വേണ്ടിയാണ് ഓരോ സീസണിലും സംഭരണം സർക്കാർ നീട്ടുന്നത്. കഴിഞ്ഞ വർഷവും മറ്റ് മാർഗമില്ലാതെ കിലോയ്ക്ക് 14 മുതൽ 18 രൂപയ്ക്ക് സ്വകാര്യമില്ലുടമകൾക്ക് നെല്ലളന്നിരുന്നു. ചുരുങ്ങിയ വിലയ്ക്ക് വാങ്ങുന്ന നെല്ല് അരിയാക്കി അമിത വിലയ്ക്കാണ് പൊതുവിപണിയിൽ മില്ലുടമകൾ വിൽക്കുന്നത്.
-കർഷക സംഘടനകൾ
കൈകാര്യ ചെലവ് 250 രൂപയാക്കണം
നിലവിൽ കർഷകരുടെ വീടുകളിൽ നിന്ന് നെല്ലുകയറ്റി മില്ലിലെത്തിക്കുന്നതിന് ക്വിന്റലിന് 212 രൂപയാണ് അനുവദിക്കുന്നത്. ഇത് 250 ആക്കണം. 2018ലെ പ്രളയകാലത്ത് ഗോഡൗണുകളിൽ സൂക്ഷിച്ച നെല്ല് നശിച്ചതിന്റെ നഷ്ടപരിഹാരവും നൽകണം. ഇത് സംബന്ധിച്ച് ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല.
-മില്ലുടമകൾ