ചേർത്തല:പട്ടിക ജാതിക്കാരനായ ഭിന്നശേഷിക്കാരനെ അയൽവാസി മർദ്ദിച്ചതായി പരാതി. തണ്ണീർമുക്കം പഞ്ചായത്ത് 22-ാം വാർഡിൽ നികർത്തിൽ ദിലീപ്കുമാറാണ് (51) മർദ്ദനമേറ്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം.അയൽവാസിയുമായി വഴിത്തർക്കമുണ്ടായിരുന്നു.
ഇദ്ദേഹത്തിന്റെ മുച്ചക്രവാഹനത്തിന് കടന്നു പോകാനാകാത്ത വിധം വഴി തടസപ്പെടുത്തിയത് ചോദ്യം ചെയ്തതോടെ അയൽവാസി തള്ളിയിടുകയും തളർന്ന കാലിലും കൈയിലും ചവിട്ടുകയുമായിരുന്നെന്ന് ദിലീപ് പറഞ്ഞു.ഡ്രൈവറായിരുന്ന ദിലീപിന്റെ ഇടതുഭാഗം തളർന്നുപോയതോടെ ലോട്ടറി കച്ചവടം നടത്തിയാണ് കുടുംബം പുലർത്തുന്നത്.ഭിന്നശേഷിക്കാരനായ മകനും ഭാര്യയുമടങ്ങുന്നതാണ് കുടുംബം. ചേർത്തല പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.