സുൽത്താൻ ബത്തേരി: പാമ്പിനെ കാണുമ്പോൾ പേടിച്ച് ഓടുന്ന സ്ത്രീകൾ കെട്ടുകഥയായി. ഇനി പാമ്പിനെ പിടികൂടി വനത്തിൽ വിട്ടയക്കുന്ന വനിതാ ഫോറസ്റ്റർമാരുടെ കാലമാണ്. സംസ്ഥാന വനം വകുപ്പിന് കീഴിൽ പാമ്പ് പിടിത്തത്തിൽ പരിശീലനം നേടിയ മുന്നൂറ് പേരിലാണ് സ്ത്രീകൾ സാന്നിധ്യമറിയിച്ചിരിക്കുന്നത്.
രണ്ട് ദിവസത്തെ ശാസ്ത്രീയ പരിശീലനമാണ് വനം വകുപ്പ് നൽകിയിരിക്കുന്നത്. എത്ര വലിയ പാമ്പായാലും ഉപദ്രവിക്കാതെ തന്നെ നിഷ്പ്രയാസം ബാഗിനുള്ളിലാക്കി സുരക്ഷിത കേന്ദ്രത്തിൽ കൊണ്ടുപോയി വിടുന്നതിനുള്ള പരിശീലനമാണ് നൽകിയത്. പൈപ്പും ബാഗും ഉപയോഗിച്ചുളള പാമ്പ് പിടുത്തം. (പൈപ്പിന്റെ ഒരറ്റത്ത് ബാഗ് കെട്ടിയത്), ഹുക്ക് ഉപയോഗിച്ച് പാമ്പ് പിടിത്തം എന്നിവയാണ് പരിശീലനത്തിൽ മുഖ്യം. പരിശീലനം ലഭിച്ച ജീവനക്കാരിൽ 30 പേർ വയനാട്ടുകാരാണ്. പൊതുജനങ്ങൾക്കും പാമ്പ് പിടിത്തക്കാർക്കും സന്നദ്ധ പ്രവർത്തകർക്കും പരിശീലനം നൽകാനും വനം വകുപ്പ് ഒരുങ്ങുകയാണ്. പാമ്പുകളെ തിരിച്ചറിയുന്നതിനും കടിയേറ്റാൽ നൽകേണ്ട പ്രഥമിക ശുശ്രുഷകളെപ്പറ്റിയും പരിശീലനം നൽകും. രണ്ട് ദിവസത്തെ പരിശീലനം വിജയകരമായി പൂർത്തീകരിച്ചാൽ ലൈസൻസ് നൽകും.