കൽപ്പറ്റ: ദേശീയ ദുരന്തനിവാരണ മാർഗനിർദേശ പ്രകാരം ജില്ലയിലെ മുഴുവൻ സർക്കാർ, എയ്ഡഡ്, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രത്യേക ദുരന്ത നിവാരണ പ്ലാനുകൾ തയ്യാറാക്കുന്നു. ഇതിനുള്ള മാർഗ നിർദ്ദേശങ്ങൾ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപെഴ്സൺ ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ള പുറത്തിറക്കി.
യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി ഉൾപ്പെടെ എല്ലാ സ്കൂളുകളിലും പി.ടി.എയുടെയും വിദ്യാർഥികളുടെയും സഹകരണത്തോടെ ഇതിനായി വിവരശേഖരണം നടത്തും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറാണ് പ്ലാൻ തയ്യാറാക്കുന്നതിനുള്ള ജില്ലാതല നോഡൽ ഓഫീസർ. ഓരോ വിദ്യാലയവും പ്രത്യേക നോഡൽ ഓഫീസറെ നിയമിക്കണം. ഇവർക്ക് ഓൺലൈനായി പരിശീലനം നൽകും. ഒക്ടോബർ 5 നകം പ്ലാൻ തയ്യാറാക്കൽ പൂർത്തിയാക്കാനും പരിശോധനയ്ക്കു ശേഷം ഒക്ടോബർ 20 നകം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ അംഗീകാരം നേടാനുമാണ് നിർദ്ദേശം.
യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങൾ ഒരേ കോംപൗണ്ടിലാണെങ്കിൽ ഒരു പ്ലാൻ തയ്യാറാക്കിയാൽ മതി. കൊവിഡ് 19 മായി ബന്ധപ്പെട്ടു സർക്കാർ പുറപ്പെടുവിച്ച എല്ലാ മാർഗനിർദേശങ്ങളും പാലിച്ചാണ് ഡി.എം പ്ലാൻ തയ്യാറാക്കേണ്ടത്. ജില്ലയിലെ മേപ്പാടി, വടുവൻചാൽ എന്നീ സ്കൂളുകളിൽ ഇതിനകം ഡി.എം പ്ലാൻ തയാറായിട്ടുണ്ട്.