തിരുവനന്തപുരം: നയതന്ത്ര പാഴ്സൽ വഴി വന്ന മതഗ്രന്ഥങ്ങൾ സ്വീകരിച്ചതുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റിന് പുറമെ, എൻ.ഐ.എയുടെയും ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി കെ.ടി. ജലീൽ അതിന്റെ പേരിൽ മാറി നിൽക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇതിൽ രാഷ്ട്രീയ ധാർമ്മികതയുടെ പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി ഖുറാനും, സക്കാത്തും ആവശ്യപ്പെട്ടിട്ടില്ല. ഖുറാൻ ഒളിച്ചുകടത്തി വന്നതല്ല. സാധാരണ മാർഗ്ഗത്തിലൂടെ വിമാനത്താവളം വഴി വന്നതാണ്. അത് ക്ലിയർ ചെയ്ത് കൊടുത്തവരുണ്ട്. ഇവിടെ സ്വീകരിച്ചവരുമുണ്ട്. അവശേഷിച്ച ഖുറാൻ വിതരണം ചെയ്യാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് യു.എ.ഇ കോൺസുലേറ്റ് ജലീലിനെ സമീപിച്ചത് ന്യൂനപക്ഷ ക്ഷേമ മന്ത്രിയായതിനാലാണ്.
ഖുറാന്റെ കാര്യത്തിൽ എങ്ങനെയാണ് ചിലർ പരാതി ഉന്നയിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ബെന്നി ബെഹനാനും, മറ്റ് ചിലരും പരാതി കൊടുത്തു. കോൺഗ്രസോ ബി.ജെ.പിയോ പരാതി കൊടുക്കുന്നത് മനസ്സിലാക്കാം. എന്തടിസ്ഥാനത്തിലാണ് ലീഗ് നേതാക്കളും ഖുറാന്റെ കാര്യത്തിൽ ഒത്തുചേരുന്നത്. എല്ലാവരും കൂടി ഒത്തുചേർന്ന് ജലീലിനെ ആക്രമിക്കുകയാണല്ലോ . ഇതിൽ ജലീൽ ഒരു തെറ്റും ചെയ്തതായി താൻ കരുതുന്നുമില്ല. പരാതി വന്നാൽ ഏത് ഏജൻസിക്കും അതിൽ വ്യക്തത വരുത്തേണ്ടി വരും. . അത് നടക്കട്ടെ. അതിനെ ഒരിക്കലും നിരുത്സാഹപ്പെടുത്തുന്നില്ല. അതു കൊണ്ടെന്തെങ്കിലും അപകടം സംഭവിക്കുമെന്ന് കരുതുന്നുമില്ല.
എൻ.ഐ.എ ചില വിവരങ്ങളറിയാൻ ജലീലിനെ വിളിപ്പിച്ചുവെന്നതല്ലാതെ ,അതിന്റെ മറ്റ് വിവരങ്ങൾ അദ്ദേഹവുമായി സംസാരിച്ചാലേ തനിക്ക് പറയാനാവൂ. ജലീലിനെതിരെ കേസോ മറ്റ് കാര്യങ്ങളോ ഇല്ലെന്ന് നേരത്തേ തന്നെ വ്യക്തമായതാണ്. എൻ.ഐ.എ എന്താണ് ചോദിച്ചതെന്ന് ഊഹം വച്ച് പറയാനില്ല.യു.എ.ഇ കോൺസുലേറ്റ് കൈമാറിയ വിശുദ്ധ ഗ്രന്ഥങ്ങളിൽ കുറച്ചെണ്ണം ആർക്കെങ്കിലും കൊടുത്തിട്ടുണ്ടെങ്കിൽ അതിലദ്ദേഹം പക്ഷപാതിത്വം കാട്ടിയിട്ടില്ല. തങ്ങളാവശ്യപ്പെട്ടിട്ടല്ല നൽകിയതെന്ന് ചിലർ പറയുന്നത് ഇതിന് തെളിവാണ്.
മന്ത്രി ജലീലിന്റെ മടിയിൽ കനമില്ലെന്നത് കൊണ്ടുതന്നെയാണ് അദ്ദേഹം നേരേ പോയി ഹാജരായി കാര്യങ്ങൾ വ്യക്തമാക്കിയത്. ഒരു കാര്യവും മറച്ചുവച്ചിട്ടില്ല. എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. ബാക്കി കാര്യങ്ങൾ അന്വേഷണ ഏജൻസി പറയട്ടെ. സ്വാഭാവികമായി അന്വേഷണത്തിനൊരവസാനമുണ്ടാകുമല്ലോ. അതുവരെ നമുക്ക് കാത്തിരിക്കാം- മുഖ്യമന്ത്രി വ്യക്തമാക്കി.
അഭ്യൂഹങ്ങൾക്ക് മാദ്ധ്യമങ്ങൾക്കും അവകാശമുണ്ടെന്ന് കടകംപള്ളി
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ രണ്ടാം മന്ത്രി ആരോപണത്തിൽ പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഏത് തരത്തിലുള്ള അഭ്യൂഹങ്ങൾക്കും മാദ്ധ്യമങ്ങൾക്ക് അവകാശമുണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. സ്വർണക്കടത്തിൽ മന്ത്രി കടകംപള്ളിക്കും ബന്ധമുണ്ടെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിക്കാനായി ആരെയെങ്കിലും ചോദ്യം ചെയ്യുന്നത് അപാകതയുള്ള കാര്യമല്ലെന്നും മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകി.
ജലീൽ രാജിവയ്ക്കില്ല: എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കേണ്ടതില്ലെന്നും അത് പാർട്ടി നിലപാടാണെന്നും സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എം.വി. ഗോവിന്ദൻ വാർത്താലേഖകരോട് പറഞ്ഞു.
ജലീൽ പ്രതിയല്ല. ഒരു പ്രശ്നവും അദ്ദേഹത്തിനില്ല. പ്രതിപക്ഷമല്ല, അതിനപ്പുറത്തെ പക്ഷം വന്നാലും രാജിവയ്ക്കുന്ന പ്രശ്നമില്ല. അന്വേഷണം നടക്കട്ടെ. ഒന്നും മറച്ചുവയ്ക്കാനില്ല. എൻ.ഐ.എ വിളിപ്പിച്ചു, അദ്ദേഹം പോയി. അതിലെന്താണ് തെറ്റെന്നും ഗോവിന്ദൻ ചോദിച്ചു.
ചോദ്യം ചെയ്യലിന്റെ പേരിൽ രാജി വേണ്ട: കാനം
ആലപ്പുഴ: ചോദ്യം ചെയ്യലിന് വിധേയരാകുന്നവർ രാജിവയ്ക്കണമെങ്കിൽ എൻ.ഐ.എ വിചാരിച്ചാൽ സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും രാജിവയ്ക്കേണ്ടിവരുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ആലപ്പുഴ ടൗൺഹാളിന് മുന്നിൽ മുൻമന്ത്രി ടി.വി. തോമസിന്റെ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്തശേഷം മാദ്ധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു കാനം. ആരോപണത്തിന്റെ അടിസ്ഥാനത്തിൽ പുതിയ കീഴ്വഴക്കം സൃഷ്ടിക്കരുത്. പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കേണ്ട സാഹചര്യമില്ല. അന്വേഷണ റിപ്പോർട്ടുകൾ വന്നശേഷം രാജിയെക്കുറിച്ച് ആലോചിക്കാം. ജുഡിഷ്യൽ കമ്മിഷന്റെ മുമ്പാകെ പോകുമ്പോഴോ ഹൈക്കോടതി പരാമർശമുണ്ടാകുമ്പോഴോ ആണ് രാജിവയ്ക്കുന്ന സാഹചര്യം ഉണ്ടാകുന്നതെന്നും കാനംരാജേന്ദ്രൻ പറഞ്ഞു. മന്ത്രി പി. തിലോത്തമൻ, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് എന്നിവരും കാനത്തോടൊപ്പമുണ്ടായിരുന്നു.