പത്തനംതിട്ട : കോർട്ട് ഫീ സ്റ്റാമ്പിനും മുദ്രപത്രത്തിനും വീണ്ടും ക്ഷാമം. ഇപ്പോൾ ബാർ അസോസിയേഷൻ സ്റ്റോറിൽ മാത്രമാണ് ഇവ ലഭിക്കുന്നത്. ആവശ്യക്കാർ ഏറെയായതിനാൽ സാമൂഹിക അകലം പാലിച്ച് മണിക്കൂറുകൾ ക്യൂ നിന്നാലാണ് ലഭിക്കുക.
ജില്ലയിൽ 100 രൂപ മുദ്ര പത്രത്തിനാണ് കടുത്തക്ഷാമം. 100രൂപയിൽ കുറഞ്ഞ പത്രം സീൽ ചെയ്ത് മാറ്റംവരുത്തിയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. അമ്പത് രൂപയുടെ രണ്ട് പത്രം, പത്ത് രൂപയുടെ പത്തു പത്രം എന്നിവ നൂറ് രൂപയുടെതാക്കി നൽകുന്നു.
നാസിക്കിൽ നിന്നാണ് മുദ്രപത്രവും സ്റ്റാമ്പും എത്തുന്നത്. കൊവിഡ് റിപ്പോർട്ട് ചെയ്തതിന് ശേഷം സ്റ്റോക്ക് എത്തുന്നത് കുറഞ്ഞതാണ് ക്ഷാമം ഉണ്ടാകാനുള്ള കാരണം.
സർട്ടിഫിക്കറ്റുകൾ, ആധാരകൈമാറ്റം, കരാറുകൾ, കൺസെന്റ് എന്നിവയ്ക്കെല്ലാം സ്റ്റാമ്പോ മുദ്രപത്രമോ ആവശ്യമാണ്. കൊവിഡുമായി ബന്ധപ്പെട്ട് തന്നെ നിരവധി ധനസഹായ അപേക്ഷകൾക്കും വിവരാവകാശത്തിനുമെല്ലാം സ്റ്റാമ്പുകൾ ആവശ്യമാണ്.
"സെൻട്രൽ സ്റ്റാമ്പ് ഡിപ്പോയിൽ സ്റ്റോക്ക് കുറയുന്നതാണ് പ്രശ്നം. പെട്ടന്ന് തന്നെ പരിഹരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്."
പ്രസാദ് മാത്യു, (ജില്ല ട്രഷറി ഓഫീസർ)
"അടുത്തയാഴ്ച സ്റ്റാമ്പുകൾ എത്തും. സ്റ്റോക്ക് മൊത്തത്തിൽ കുറവാണ്. നാസിക്കിൽ നിന്ന് സ്റ്റോക്ക് വരാൻ താമസിച്ചതാണ് സ്റ്റാമ്പിന് ക്ഷാമം".
രാജേഷ്
സ്റ്റാമ്പ് ഓഫീസർ