മലപ്പുറം: ജില്ലയിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ആശുപത്രികൾ, സ്വകാര്യലാബുകൾ എന്നിവ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.സക്കീന അറിയിച്ചു. ജില്ലയിൽ വിവിധ ലാബുകളിൽ ചെയ്യുന്ന കൊവിഡ് ടെസ്റ്റ് വിവരങ്ങൾ ക്രോഡീകരിക്കുന്നതിനായി ടെസ്റ്റുകൾ ചെയ്യുന്ന എല്ലാ സ്വകാര്യ ലാബുകളും അവരുടെ ഓരോ ദിവസത്തെയും പോസിറ്റീവ്, നെഗറ്റീവ് കേസുകൾ Healthmon എന്ന പോർട്ടലിൽ അപ്ലോഡ് ചെയ്യണം. റിപ്പോർട്ട് dsomalappuram@gmail.com എന്ന ഇ-മെയിലിലേക്കും അയക്കണം. റിപ്പോർട്ട് ചെയ്യാത്ത ലാബുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡി.എം.ഒ അറിയിച്ചു.
ജാഗ്രത വേണം
കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി താലൂക്ക് തല സമിതികൾ ശക്തമാക്കും.
ജില്ലയിലെ ആശുപത്രികളിലെ വിവിധ ഒ.പി കളിലും ലേബർ റൂമിലും മറ്റ് പ്രധാന സ്ഥലങ്ങളിലും പൊതുജനങ്ങൾ ശാരീരിക അകലം പാലിക്കാത്തത് ശ്രദ്ധയിൽപ്പെട്ടതിനാൽ എല്ലാ സ്ഥാപന മേധാവികളും അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രമിക്കണം.
പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടി നിൽക്കുകയും മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും നിൽക്കുന്നത് നേരിൽ കണ്ടാൽ പൊതുജനങ്ങൾക്ക് അവ ഫോട്ടോ എടുത്ത് mlpmdmd@gmail.com എന്ന ഇമെയിൽ വഴിയോ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ 0483 273320, 273326 നമ്പറുകളിലോ അറിയിക്കാം.