തിരുവനന്തപുരം: എൻ.ഐ.എ അന്വേഷിക്കുന്ന രാജ്യദ്രോഹകേസിൽ മന്ത്രി ജലീൽ കുടുങ്ങുമെന്ന് ഉറപ്പായതോടെ മതത്തെ പരിചയാക്കി ഭിന്നിപ്പിച്ചു ഭരിക്കാൻ സി.പി.എമ്മും സർക്കാരും ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചു.
ജലീലിന് വേണ്ടി മതത്തെ ഉപേയാഗിക്കാൻ കോടിയേരി ബാലകൃഷ്ണൻ പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനം അങ്ങേയറ്റം അപകടകരമാണ്.മുഖ്യമന്ത്രിയും ഖുർആൻ വിരുദ്ധ സമരമെന്ന് ചിത്രീകരിച്ച് ലീഗ് എന്തിനാണ് ബി.ജെ.പിയെ പിന്തുണയ്ക്കുന്നതെന്ന് ചോദിച്ചിരുന്നു. മുസ്ലീം സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തി വർഗീയ ചേരിതിരിവ് സൃഷ്ടിച്ച് അഴിമതിയിലും തട്ടിപ്പിലും മുങ്ങികുളിച്ച സർക്കാരിനെ രക്ഷിച്ചെടുക്കാനാണ് സി.പി.എം ശ്രമം. സ്വർണക്കടത്തിൽ ഖുർആൻ മറയാക്കിയ ജലീലും അതിന് അദ്ദേഹത്തെ സഹായിച്ച മുഖ്യമന്ത്രിയും, അതിനെ ന്യായീകരിക്കുന്ന കോടിയേരി ഉൾപ്പെടെയുള്ള സി.പി.എം നേതാക്കളുമാണ് സത്യത്തിൽ ഖുർആനെ അവഹേളിക്കുന്നത്. കേരളത്തിലെ മൂന്നരക്കോടി ജനങ്ങൾക്കും ഖുർആൻ വിതരണം ചെയ്താലും ബി.ജെ.പി എതിർക്കില്ല. എന്നാൽ, അതിനെ മറയാക്കി രാജ്യത്തിന്റെ സാമ്പത്തികഭദ്രത തകർക്കാൻ സ്വർണക്കടത്ത് നടത്തിയാൽ അതിനെതിരെ പോരാടും. വോട്ട്ബാങ്ക് ഭയന്ന് പാതിവഴിയിൽ സമരം ഉപേക്ഷിക്കാൻ ബി.ജെ.പി തയ്യാറല്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.